സൗദി അറേബ്യയുടെ വിനോദസഞ്ചാര വികസനത്തിനായി നടപ്പാക്കുന്ന സംരംഭങ്ങൾ മറ്റുള്ളവർക്കും പിന്തുടരാൻ കഴിയുന്ന മാതൃകയാണെന്ന് ലോക ടൂറിസം ഓർഗനൈസേഷൻ.ഈ വർഷത്തെ വിദ്യാഭ്യാസ ബുള്ളറ്റിനിലാണ് ലോക ടൂറിസം സംഘടന വിനോദസഞ്ചാരത്തെ കുറിച്ച് പുതുതലമുറയിൽ അവബോധം വളർത്താൻ സൗദി ടൂറിസം മന്ത്രാലയം ആരംഭിച്ച ‘ഓപൺ സ്കൂൾ ഫോർ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി’ എന്ന വിദ്യാഭ്യാസ സംരംഭത്തെ പ്രശംസിച്ചത്. വിദ്യാർഥികളുടെ പ്രഫഷണൽ പ്രവണതകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള വിലയേറിയ ഉദാഹരണങ്ങളിലും അനുയോജ്യമായ മാതൃകകളിലും ഒന്നാണിത്.
ടൂറിസം മേഖലയിൽ ചേരാനുള്ള വിദ്യാർഥികളുടെ ആഗ്രഹം ഇത് വർധിപ്പിക്കും. പ്രഫഷണൽ, കരിയർ വികസനത്തിനായുള്ള സമ്പുഷ്ടീകരണ പരിപാടി പ്രവർത്തനങ്ങളിൽ നിക്ഷേപം അധികരിപ്പിക്കാൻ സഹായിക്കുമെന്നും ലോക ടൂറിസം ഓർഗനൈസേഷൻ പറഞ്ഞു. അംഗരാജ്യങ്ങൾക്ക് അനുകരിക്കാൻ അനുയോജ്യമായ മാതൃകയാണിത്. ആ നിലയിൽ സൗദി ടൂറിസം മന്ത്രാലയത്തിന്റെ അനുഭവത്തിൽ നിന്ന് പ്രയോജനം നേടാനുള്ള സാധ്യതയെ പ്രശംസിക്കുന്നു. ദ്വിതീയ തലത്തിൽ വിനോദസഞ്ചാരത്തെ ഒരു വിഷയമായി സംയോജിപ്പിക്കുന്നത് നിരവധി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കും.
സാമ്പത്തികവും സാംസ്കാരികവുമായ അഭിവൃദ്ധി, തൊഴിൽ സാധ്യതകൾ വികസിപ്പിക്കൽ, വിദ്യാർഥികളുടെയും മറ്റുള്ളവരുടെയും അടിസ്ഥാന ശേഷി വികസിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുമെന്നും ലോക ടൂറിസം ഓർഗനൈസേഷൻ പറഞ്ഞു.