എയർ ടാക്സികളുമായി സൗദി അറബ്യയും ; 'ഇവിഡോർ' വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടു
എയർ ടാക്സികൾ വാങ്ങുന്നതിനുള്ള അന്തിമ കരാറിൽ സൗദി അറേബ്യ ഒപ്പിട്ടു. ജർമൻ കമ്പനിയായ ലിലിയം കമ്പനിയിൽനിന്ന് 100 ‘ഇവിഡോൾ’ വിമാനങ്ങൾ വാങ്ങാനാണ് കരാർ. സൗദിയ ഗ്രൂപ്പും ലിലിയം കമ്പനിയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. വെർട്ടിക്കലായി ടേക്കോഫും ലാൻഡിങ്ങും നടത്താൻ കഴിയുന്ന ആദ്യത്തെ ഇലക്ട്രിക് വിമാനം വികസിപ്പിച്ചെടുത്ത കമ്പനിയാണ് ലിലിയം. മ്യൂണിക്കിലെ ലിലിയം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൗദിയ പ്രൈവറ്റ് ഏവിയേഷൻ സി.ഇ.ഒ ഡോ. ഫഹദ് അൽ ജർബുഅ്, ലിലിയം സി.ഇ.ഒ ക്ലോസ് റോയ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. സൗദിയ ഗ്രൂപ്പിന്റെ ഡയറക്ടർ ജനറൽ എൻജി. ഇബ്രാഹിം അൽ ഉമർ, സൗദിയിലെ ജർമൻ അംബാസഡർ മൈക്കൽ കിൻഡ്സ് ഗ്രേബ്, ലിലിയം കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ തോമസ് എൻഡേഴ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2022 ഒക്ടോബറിൽ ഇരുപക്ഷവും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ പർച്ചേസിങ് കരാർ ഒപ്പിട്ടത്. ‘ഇവിഡോൾ’ വിമാനങ്ങളുടെ ഏറ്റവും വലിയ ഓർഡറാണ് സൗദിയുടേത്. ഇത് ‘ഇവിഡോൾ’ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. കരാറിൽ വിമാനങ്ങളുടെ ഡെലിവറി ഷെഡ്യൂളും സപ്പോർട്ട് സർവിസിന്റെ വിശദവിവരങ്ങളും അറ്റകുറ്റപ്പണി സംബന്ധിച്ച ഗാരന്റിയും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ‘ലിലിയം പവർ ഓൺ’ കരാറിലും സൗദി ഒപ്പിടാൻ ഉദ്ദേശിക്കുന്നുണ്ട്. അതിൽ വിമാന പരിപാലനവും സപ്പോർട്ട് സർവിസും ഉൾപ്പെടും.
പൂർണമായും ഇലക്ട്രിക് ‘ഇവിഡോൾ’ വിമാനങ്ങൾ സ്വന്തമാക്കിയ ആദ്യ കമ്പനിയെന്ന നിലയിൽ മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക മേഖലയിലെ സൗദിയ ഗ്രൂപ്പിന്റെ നേതൃത്വം അഭിമാനിക്കുന്നുവെന്ന് എൻജി. ഇബ്രാഹിം അൽ ഉമർ പറഞ്ഞു.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സുസ്ഥിര വ്യോമയാനത്തെ പിന്തുണയ്ക്കുന്ന സംരംഭങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. മേഖലയിലെ എയർലൈനുകളുടെ തലത്തിൽ സമ്പന്നവും അഭൂതപൂർവവുമായ അനുഭവം നൽകുന്നതിൽ ലിലിയം നൽകുന്ന സഹകരണത്തെ അഭിനന്ദിക്കുന്നു.
ലിലിയവും സൗദിയ ഗ്രൂപ്പും തമ്മിൽ മുൻ വർഷങ്ങളിൽ നടത്തിയ സംയുക്ത ശ്രമങ്ങളുടെ ഫലമാണ് ഈ കരാർ. ഇലക്ട്രിക് വിമാനങ്ങൾക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനും പറന്നുയരുന്നതിനും ലാൻഡ് ചെയ്യുന്നതിനുമുള്ള പുതിയ റൂട്ടുകൾ നിശ്ചയിക്കുമെന്നും അൽ ഉമർ സൂചിപ്പിച്ചു. വിമാനത്തിന് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവും.