റമദാനിൽ തിരക്ക് വർധിച്ചു; മക്കയിൽ ഉംറ തീർത്ഥാടകർക്ക് പ്രത്യേക സൗകര്യങ്ങൾ
റമദാനിലെ തിരക്ക് പരിഗണിച്ച് മക്ക മസ്ജിദുൽ ഹറമിൽ ഉംറ തീർഥാടകർക്ക് കർമങ്ങളും നമസ്കാരവും സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഇരുഹറം ജനറൽ അതോറിറ്റി. മസ്ജിദുൽ ഹറമിൽ പ്രവേശിക്കുമ്പോഴുള്ള തിക്കുംതിരക്കും കുറക്കാനായി തീർഥാടകർക്ക് മാത്രമായി 210 വാതിലുകൾ തുറന്നിട്ടുണ്ട്.
പള്ളിക്കകത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുമായി സഹകരിച്ച് തീർഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം അതോറിറ്റി നിരീക്ഷിക്കും. മസ്ജിദുൽ ഹറമിലെ താഴത്തെ നിലയിൽ കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സലാം ഗേറ്റ്, 85 മുതൽ 93ആം നമ്പർ വരെയുള്ള വാതിലുകൾ എന്നിവയുൾപ്പെടെ വിവിധ പ്രവേശന കവാടങ്ങളാണ് ഉംറ തീർഥാടകർക്കായി മാറ്റിവെച്ചിരിക്കുന്നത്.
എന്നാൽ 88ആം നമ്പർ വാതിലിലൂടെ തീർഥാടകർക്ക് അകത്തേക്ക് പ്രവേശനം ഉണ്ടാവുകയില്ല. കൂടാതെ, അവർക്ക് അജ്യാദ് സ്റ്റെയർ കേസ്, അജ്യാദ് പാലം, ഷുബൈക സ്റ്റെയർ കേസ് 65-66, കിങ് ഫഹദ് സ്റ്റെയർ വേ 91-92, സ്റ്റെയർ കേസ് 84, പുറത്തുകടക്കാൻ സൈഡ് ക്രോസിങ്ങിലെ 78, 79, 80 എന്നീ നമ്പറുകളുള്ള വാതിലുകൾ, 74ആം നമ്പർ സ്റ്റെയർ കേസ്, 71, 73, 85, 88 എന്നീ നമ്പറുകളുള്ള സാധാരണ ഗോവണികൾ, കിങ് ഫഹദ് സ്റ്റെയർ കേസ്, 75 മുതൽ 77 വരെയും 81 മുതൽ 83 വരെയുമുള്ള വാതിലുകൾ എന്നിവയും തീർഥാടകർക്ക് ഉപയോഗിക്കാം
കിങ് അബ്ദുൽ അസീസ് ഗേറ്റിനൊപ്പം ഷുബൈക ഗോവണി അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. ഒന്നാം നിലയിൽ, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സുബൈർ ഗേറ്റ്, അജ്യാദ് പാലം, ഷുബൈക പാലം, ഉസ്മാൻ പാലം, കിങ് ഫഹദ് ഗേറ്റ് എലിവേറ്ററുകൾ എന്നിവയും രണ്ടാം നിലയിൽ, അൽ അർഖാം സ്റ്റെയർ വേ എലിവേറ്ററുകൾ, ഉംറ ഗേറ്റ് എലിവേറ്ററുകൾ, അജ്യാദ് സ്റ്റെയർവേ എലിവേറ്ററുകൾ, മർവ സ്റ്റെയർവേ എലിവേറ്ററുകൾ, വിഭിന്നശേഷിക്കാർക്കുള്ള മേൽക്കൂരയിലെ ഭാഗവും എന്നിവയും തീർഥാടകർക്ക് ഉപയോഗിക്കാം.
പള്ളിക്കകത്തുള്ള സ്ത്രീകളുടെ പ്രാർഥന ഹാളുകളിൽ പ്രവേശിക്കാൻ അവർക്ക് പ്രത്യേക വാതിലുകളും പ്രവേശന കവാടങ്ങളും അതോറിറ്റി നൽകിയിട്ടുണ്ട്. കൂടാതെ, അൽസലാം ഗേറ്റ്, കിങ് അബ്ദുല്ല ഗേറ്റ്, മർവ സ്റ്റെയർ കേസ് എലിവേറ്ററുകൾ എന്നിങ്ങനെ പ്രത്യേക ആവശ്യങ്ങളുള്ള വ്യക്തികൾക്കായി നിയുക്ത പ്രവേശന കവാടങ്ങളുമുണ്ട്.
ബാഗുകളും ലഗേജുകളും പള്ളിക്കകത്ത് കടത്തുന്നത് തടയുക, കാപ്പിയും ഈത്തപ്പഴവും ഒഴികെയുള്ള ഭക്ഷണങ്ങൾ നിരോധിക്കുക, അനുമതിയില്ലാതെ ക്യാമറകൾ നിയന്ത്രിക്കുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നിവയാണ് ഓരോ വാതിലിലെയും വാതിൽ ജീവനക്കാരുടെയും കാവൽക്കാരുടെയും പ്രധാന ചുമതലകൾ.
പള്ളി നിറഞ്ഞിരിക്കുന്നുവെന്നും ആർക്കും പ്രവേശിക്കാൻ കഴിയില്ലെന്നും സൂചിപ്പിക്കുന്ന അടയാളങ്ങൾ, പള്ളിയിൽ പ്രവേശിക്കുന്നത് അനുവദനീയമാണെന്ന് അർഥമാക്കുന്ന പച്ച അടയാളങ്ങൾ തുടങ്ങി വാതിലുകൾക്ക് മുകളിൽ പ്രധാനപ്പെട്ട വിവരങ്ങൾ യഥാസമയം ലഭ്യമാക്കുന്നുണ്ട്.
ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യമുള്ള സൗദി യുവാക്കൾ പ്രവേശന കവാടങ്ങളിൽ സദാ സന്നിഹിതരായിരിക്കും. വഴി തെറ്റുകയോ ഒപ്പമുള്ളവരെ കാണാതാവുകയോ ചെയ്താൽ ഇവരുടെ സഹായം തീർഥാടകർക്ക് ഉപയോഗപ്പെടുത്താവുന്നതാണെന്നും ഇരുഹറം ജനറൽ അതോറിറ്റി അറിയിച്ചു.