സൗദിയിൽ മഴ തുടരും; ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യത
സൗദിയിലെ വിവിധ പ്രവിശ്യകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മക്കയും മദീനയുമടക്കം വിവിധയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മദീനയിലും സൗദിയിലെ മലയോര മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു.
മക്ക, മദീന, അൽബഹ, നജ്‌റാൻ, ഹായിൽ, അൽ-ഖസിം, റിയാദ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് മഴ തുടരുന്നത്. ജീസാൻ, അസീർ മേഖലകളിൽ രാത്രിയും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.ചെങ്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 30 മുതൽ 45 കി.മീ വരെ എത്തിയേക്കും.
തിരമാലകൾ 1.5 മീറ്റർ മുതൽ 3 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് കാലാവസ്ഥാ മാറ്റം പ്രകടമാണ്. രാത്രികാലങ്ങളിൽ താപനില കുറഞ്ഞിട്ടുണ്ടെങ്കിലും ഈ മാസം പകുതി വരെ ചൂട് തുടരുമെന്നാണ് പ്രവചനം.