സൗദിയുടെ വിവിധ മേഖലകളിൽ മാർച്ച് 25, തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, ഇന്ന് മുതൽ മാർച്ച് 25 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. മക്ക, അൽ ബാഹ, അസീർ, ജസാൻ, അൽ ജൗഫ്, ഹൈൽ, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡേഴ്‌സ് തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴ, വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
ഇതോടൊപ്പം ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റ് മൂലം ഈ മേഖലകളിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും സൗദി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.