ഈ വർഷത്തെ ഹജ്ജ് സീസണിൽ 'പറക്കും ടാക്സി'കളുടെയും ഡ്രോണുകളുടെയും പരീക്ഷണം നടത്തുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. വ്യാഴാഴ്ച പുലർച്ച മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വിദേശ തീർഥാടകരുടെ ആദ്യ സംഘത്തെ സ്വീകരിച്ച ശേഷമാണ് ഗതാഗത മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആധുനിക മോഡലുകളെയും ഗതാഗത രീതികളെയും പ്രതിനിധീകരിക്കുന്നതിനാൽ അവ പ്രധാനം എന്ന് മന്ത്രി വിശേഷിപ്പിച്ചു.
പ്രത്യേകിച്ച് വരും വർഷങ്ങളിൽ ഈ സേവനം നൽകാൻ നിരവധി കമ്പനികൾ മത്സരിക്കുന്ന സാഹചര്യത്തിൽ സാങ്കേതികവിദ്യകളെക്കുറിച്ചും ഹജ്ജ് സീസൺ എയർടാക്‌സിക്ക് അനുയോജ്യമായ അന്തരീക്ഷമാണോയെന്നും പഠിക്കേണ്ടത് ആവശ്യമാണ്. ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഞങ്ങൾ മുൻപന്തിയിലായിരിക്കും. അതിലെ ഏറ്റവും വലിയ പങ്ക് ഹജ്ജിനായിരിക്കുമെന്നും ഗതാഗത ലോജിസ്റ്റിക് മന്ത്രി പറഞ്ഞു.