സൗദിയിൽ ശനിയാഴ്ച വരെ മഴക്ക് സാധ്യത

Update: 2023-03-09 12:52 GMT

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും ചിലയിടങ്ങളിൽ മഴക്കും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബുറൈദ, ഉനൈസ, അൽറസ്, അൽ ഖസീം തുടങ്ങിയ പ്രദേശങ്ങളിൽ മിതമായ തോതിലോ ചിലയിടങ്ങളിൽ കടുത്ത രീതിയിലോ ഇടിമിന്നൽ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കി.

ഹാഇൽ, ഹഫർ അൽബാത്വിൻ, അൽ ഖൈസൂമ, അൽനെയ്‌റ, ഖുറിയാത്ത് അൽഉലയ, അഫീഫ്, ദവാദ്മി, ശഖ്റ, മജ്മഅ, സുൽഫി, റിയാദ് മേഖല എന്നിവിടങ്ങളിലും ഇടിമിന്നലിനൊപ്പം സജീവമായ പൊടിക്കാറ്റും ചിലയിടങ്ങളിൽ മിതമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്രം പ്രവചിച്ചു.

റിയാദ് നഗരത്തിന്റെ ചില ഭാഗങ്ങളിലും ദറഇയ, അൽഖർജ്, വാദി അൽ ദവാസിർ, ദമ്മാം, അൽ ഖോബാർ, ജുബൈൽ, ദഹ്‌റാൻ, ഖത്വീഫ്, അൽഅഹ്സ തുടങ്ങിയ പ്രദേശങ്ങളിലും ശനിയാഴ്ച വരെ പൊടിക്കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി. അബഹ, ഖമീസ് മുശൈത്ത്, ബീഷ, അൽ നമാസ്, അൽ മജാരിദ, മഹാഇൽ, അൽ ബാഹ, ഫിഫ, നജ്റാൻ, ജീസാൻ തുടങ്ങിയ പ്രദേശങ്ങളിൽ ശനിയാഴ്ച വരെ മിതമായ രീതിയിലായിരിക്കും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകുകയെന്നും നിരീക്ഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.

Similar News