ആയുധങ്ങൾ വാങ്ങിക്കൂട്ടി സൗദിയും ഖത്തറും; പകുതിയിലേറെ ആയുധങ്ങളും നൽകിയത് അമേരിക്ക

Update: 2023-03-14 08:16 GMT

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ മുൻപന്തിയിൽ മിഡിലീസ്റ്റ് രാജ്യങ്ങളായ സൗദിയും ഖത്തറും. ഇന്ത്യ കഴിഞ്ഞാൽ ലോക രാഷ്ടങ്ങൾക്കിടയിൽ വച്ച് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടിയത് ഈ രണ്ടു രാജ്യങ്ങളാണെന്ന് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 2018 മുതൽ 2022 വരെയുള്ള ആയുധ ഇറക്കുമതികളുടെ കണക്കുകൾ പ്രകാരമാണിത്.

അതേസമയം, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മിഡിൽ ഈസ്റ്റേൺ, നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളുടെ ആയുധ ഇറക്കുമതി 2013 മുതൽ 2017 വരെയുള്ള അഞ്ച് വർഷ കാലയളവിനെ അപേക്ഷിച്ച് 8.8 ശതമാനം കുറവായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളെല്ലാം പ്രധാനമായും ആയുധങ്ങൾ വാങ്ങിക്കൂട്ടിയത് അമേരിക്കയിൽ നിന്നാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മേഖലയിലെ മൊത്തം ആയുധ ഇറക്കുമതിയുടെ 54 ശതമാനവും അമേരിക്കയിൽ നിന്നാണ്. അമേരിക്ക കഴിഞ്ഞാൽ ഫ്രാൻസ് (12%), റഷ്യ (8.6%), ഇറ്റലി (8.4%) എന്നീ രാജ്യങ്ങളിൽ നിന്നാണ് മിഡിലീസ്റ്റ് രാജ്യങ്ങൾ പ്രധാനമായും ആയുധങ്ങൾ വാങ്ങിയതെന്നും കണക്കുകൾ പറയുന്നു.

Similar News