മക്കയിലെ റോഡുകളുടേയും നടപ്പാതകളുടേയും ഗുണനിലവാരം ഉറപ്പാക്കാൻ പുത്തൻ സാങ്കേതിക വിദ്യ. സാറ്റ്‌ലൈറ്റും ഡിജിറ്റൽ ടെക്‌നോളജിയും ഉപയോഗപ്പെടുത്തിയാണ് മക്കയിലെ റോഡുകളിലെ ഗുണനിലവാരം വർധിപ്പിക്കുക. റോഡുകൾക്ക് പുറമെ നടപ്പാതകളും പുതിയ സംവിധാനത്തിലൂടെ നവീകരിക്കും. റോഡിലെ അപാകതകൾ നേരത്തേ കണ്ടെത്തുന്നതിന് പുതിയ സംവിധാനം സഹായിക്കും. റോഡുകളുടെ ഗുണ നിലവാരം മനസ്സിലാക്കാനും പുതിയ സംവിധാനത്തിലൂടെ സാധ്യമാകും.
റോഡുകളുടെ നിലവിലെ അവസ്ഥ, ആവശ്യമായ അറ്റകുറ്റപ്പണികൾ, തുടങ്ങിയ കൃത്യമായ വിവരങ്ങൾ ഡിജിറ്റൽ ടെക്‌നോളജി വഴി ലഭ്യമാകും. ഉപഗ്രഹങ്ങൾ വഴിയുള്ള ലേസർ സ്‌കാനർ വഴിയാണ് ഇത് സാധ്യമാകുന്നത്. പുതിയ സാങ്കേതിക വിദ്യ വാഹനത്തിൽ ഘടിപ്പിച്ചതിന് ശേഷം റോഡിലൂടെ യാത്ര ചെയ്താണ് വിവരങ്ങൾ ശേഖരിക്കുക. റോഡുകളുടെ പ്രവർത്തനം തടസപ്പെടുത്താതെ തന്നെ പുതിയ സംവിധാനത്തിലൂടെ വിവര ശേഖരണം സാധ്യമാവുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് സുരക്ഷിതവും, വേഗത്തിലുള്ളതുമായ യാത്ര സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. വാഹനാപകടങ്ങളുടെ എണ്ണം കുറക്കാനും സംവിധാനം സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.