മക്കയിലെ മസ്ജിദുൽ ഹറമിനെ വിവിധ സോണുകളാക്കി തിരിക്കാൻ പദ്ധതി. സന്ദർശകരുടെയും ഹറം ജോലിക്കാരുടെയും തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടനം സുഗമമാക്കുന്നതിനും വേണ്ടിയാണ് പദ്ധതി. ഹറമും പരിസരങ്ങളും വ്യത്യസ്ത സോണുകളായി തിരിക്കുന്നതിനുള്ള രൂപരേഖ തയാറാക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള കരാർ കൈമാറ്റം പൂർത്തിയായി.
ഇരു ഹറം കാര്യ മന്ത്രാലയവും സൗദി പോസ്റ്റൽ ആന്റ് ലോജിസ്റ്റിക്സ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മസ്ജിദുൽ ഹറമിനെയും മുറ്റങ്ങളെയും വിവിധ സോണുകളായി തിരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുക, ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുള്ള ധാരണാ പത്രത്തിൽ മന്ത്രാലയവും സൗദി പോസ്റ്റൽ കമ്പനിയും ഒപ്പുവച്ചു. പദ്ധതിയിലൂടെ സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കുക, ആവശ്യാനുസരണം ജീവനക്കാരെ ലഭ്യമാക്കുക, സേവന നിലവാരം ഉയർത്തുക, ഹജ്ജ്- ഉംറ തീർഥാടകർക്ക് കർമങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സൗകര്യമൊരുക്കുക, ക്രമീകരണങ്ങൾ വിപുലപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.