റമദാനായതോടെ മദീനയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെ ഹറമിലെത്തിക്കുന്നതിന് ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചു. മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആയിരക്കണക്കിന് വിശ്വാസികളുടെ യാത്ര സുഗമമാക്കാനും റോഡുകളിലെ വാഹനത്തിരക്ക് കുറക്കാനും മദീന വികസന അതോറിറ്റിയാണ് ഇത്തവണയും ഷട്ടിൽ സർവിസ് ഏർപ്പെടുത്തിയത്.
ഏഴ് സ്റ്റേഷനുകളിൽനിന്ന് ഹറമിലേക്കും തിരിച്ചുമാണ് സർവിസുള്ളത്. വൈകീട്ട് മൂന്നിന് ആരംഭിച്ച് രാത്രി ഖിയമുലൈൽ പ്രാർഥനക്കു ശേഷം ഒരു മണിക്കൂർ കൂടി ബസ് സർവിസ് ഉണ്ടാകും.
സ്പോർട്സ് സ്റ്റേഡിയം, ദുറത്ത് അൽമദീന, സയ്യിദ് അൽശുഹദാഅ്, ഇസ്ലാമിക് യൂനിവേഴ്സിറ്റി, അൽഖാലിദിയ ഡിസ്ട്രിക്ട്, ശത്വിയ ഡിസ്ട്രിക്ട്, ബാനി ഹാരിസ എന്നിവ സ്റ്റേഷനുകളിൽനിന്നാണ് മസ്ജിദുന്നബവിയിലേക്ക് സർവിസ്. റമദാൻ അവസാന പത്തിൽ ബസുകളുടെ എണ്ണം കൂട്ടും. ബസ് ടിക്കറ്റിന് നൂതന സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.