മക്കയിലെ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
മന്ത്രിമാര്‍, അമീറുമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, കഅ്ബയുടെ പരിചാരകന്‍, ഇരുഹറം കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പണ്ഡിതസഭാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖ വ്യവസായി എം എ യൂസഫലിയും ചടങ്ങില്‍ സംബന്ധിച്ചു. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ചടങ്ങില്‍ പങ്കെടുത്തത്. ക്അബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും ക്ഷണത്തിന് സൗദി ഭരണാധികാരികളോട് നന്ദി അറിയിക്കുന്നതായും യൂസഫലി പറഞ്ഞു.
ഡെപ്യൂട്ടി ഗവര്‍ണര്‍ ക്അബയുടെ അകത്ത് പ്രവേശിച്ച് ചുവരുകള്‍ പനിനീര്‍ കലര്‍ന്ന സംസം വെള്ളം കൊണ്ട് കഴുകി. മുന്തിയ ഊദ് എണ്ണ, റോസാപ്പൂ വെള്ളം എന്നിവ ഉപയോഗിച്ചാണ് അകത്തെ ഭിത്തികളും തറയും കഴുകിയത്. കഴുകലിന്റെ മുന്നോടിയായി കഅ്ബയുടെ പുടവ (കിസ്വ) അടിഭാഗം അല്‍പ്പം ഉയര്‍ത്തി കെട്ടിയിരുന്നു.