പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം; ഇന്ത്യൻ വ്യോമസൈനികർ സൗദിയിൽ

Update: 2023-03-01 13:00 GMT

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം രചിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യൻ വ്യോമസേനയുടെ എട്ട് യുദ്ധ വിമാനങ്ങൾ സൗദി അറേബ്യയിൽ എത്തി. 145 വ്യോമസൈനികരും അഞ്ച് മിറാഷ് വിമാനങ്ങൾ, രണ്ട് സി 17 വിമാനങ്ങൾ, ഒരു ഐ.എൽ 78 ടാങ്കർ എന്നിവയുമാണ് റോയൽ സൗദി എയർ ഫോഴ്‌സ് റിയാദ് ബേസിൽ ഇറങ്ങി ഒരുദിവസം ഇവിടെ തങ്ങിയത്. സൈനികവ്യൂഹത്തെ റോയൽ സൗദി എയർഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ഡിഫൻസ് അറ്റാഷെ കേണൽ ജി.എസ്. ഗ്രെവാളും മറ്റ് എംബസി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

ഒരുദിനം പൂർണമായും സൗദിയിൽ ചെലവഴിച്ചശേഷം പിറ്റേന്ന് സംഘം നടക്കാനിരിക്കുന്ന കോബ്ര വാരിയേഴ്‌സ് 23 സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ബ്രിട്ടനിലേക്ക് പുറപ്പെട്ടു. സ്വീകരണയോഗത്തിൽ വ്യോമസൈനികരെ അഭിസംബോധന ചെയ്ത അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വളർന്നുവരുന്ന ബന്ധത്തെ കുറിച്ച് എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റവും നല്ല നയതന്ത്രബന്ധമാണുള്ളതെന്നും സൈനിക നയതന്ത്രരംഗത്തെ ഉറച്ച ബന്ധത്തിന് സൈനികർ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar News