സൗദി ജയിലിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധന; ഏറെയും ലഹരി കേസുകൾ

Update: 2023-07-08 10:52 GMT

സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനയെന്ന് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ പകുതിയില്‍ ഏറെയും മലയാളികളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യന്‍ എംബസി സാമൂഹിക സേവന വോളന്റീയര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ 400ൽ അധികം ഇന്ത്യക്കാരാണ് സൗദിയിലെ ദമാം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. ഇവരില്‍ 200ഓളം പേരും മലയാളികളാണ് . കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാരായ 165 പേർ മാത്രമാണ് വിവിധ കേസുകളിൽ പെട്ട് ജയിലിൽ എത്തിയതെങ്കിൽ ഇപ്പോള്‍ അത് മൂന്ന് മടങ്ങ് വര്‍ദ്ധിച്ചിച്ച് 400 പേരായി. ഇതിൽ ഭൂരിഭാഗവും മദ്യം,മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ജയിലില്‍ കഴിയുന്നത്. നേരത്തെ പാകിസ്ഥാനികളായിരുന്നു ഇത്തരം കേസുകളില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടത്.

മൂന്ന് പേര്‍ കൊലപാതക കേസിലും നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലുമാണ് ജയിലില്‍ കഴിയുന്നത്. നേരത്തെ ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥി രണ്ട് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയിരുന്നു. ഈ കുട്ടി അടുത്ത വര്‍ഷം നാട്ടിലേക്ക് മടങ്ങും.

അതേസമയം, സൗദി പൊലീസ് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരുടെ വാഹനങ്ങള്‍ പരിശോധിക്കാറുണ്ട്. പണം സമ്പാദിക്കാനുള്ള എളുപ്പ വഴിയായിട്ടാണ് പലരും ലഹരി കടത്ത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നാണ് പറയുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഹരിക്കേസില്‍ പെട്ട മലയാളികള്‍ക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതേ തുടർന്ന് ലഹരിക്കേസില്‍ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം കുറയുകയും ചെയ്തിരുന്നു

പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡപ്പിച്ച കേസിൽ ജയിലില്‍ കഴിയുന്നത് മലയാളിയാണ്. മകളെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആദ്യം മൂന്ന് വര്‍ഷമായിരുന്നു തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍ മേല്‍ക്കോടതി ഇത് 15 വര്‍ഷമായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ മകളും കുട്ടിയും മാതാവും ഇയാൾക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറായെങ്കിലും  കോടതി ശിക്ഷ വിധിച്ച് കഴിഞ്ഞിരുന്നു.

അതേസമയം, 21 വയസ് മുതല്‍ 25 വയസ് വരെയുള്ള യുവാക്കളാണ് ലഹരിക്കേസില്‍ കൂടുതലായും ശിക്ഷിക്കപ്പെടുന്നത്. കൂടാതെ കുട്ടികളും ലഹരി റാക്കറ്റില്‍ അകപ്പെട്ട് ജയിലുകളിലായിട്ടുണ്ട്. ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും ലഹരി റാക്കറ്റുകള്‍ നടത്തുന്നത്. അതേസമയം, ശിക്ഷാകാലാവധി കഴിഞ്ഞ് ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണവും വലിയ തോതില്‍ വര്‍ദ്ധിക്കുന്നുണ്ട്.

Tags:    

Similar News