ഹജ്ജ് സീസൺ ; തീർത്ഥാടകരെ മക്കയിൽ എത്തിക്കാൻ ബസ് സർവീസ് വർധിപ്പിച്ച് അധികൃതർ

Update: 2024-05-19 12:47 GMT

ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നഗരങ്ങൾക്കിടയിൽ ബസുകൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക്​ ഈ സേവനങ്ങൾ ലഭ്യമാകും.

രാജ്യത്തെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ബസുകളിൽ യാത്രക്കാരെ എത്തിക്കുന്നതിൽ വൈദഗ്​ധ്യവും പരിചയസമ്പത്തുമുള്ള മൂന്ന്​ പ്രമുഖ കമ്പനികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്​. നോർത്ത് വെസ്​റ്റ്​ കമ്പനി, ദർബ് അൽവത്വൻ കമ്പനി, സാറ്റ്​ കമ്പനി എന്നിവയാണിത്​. തീർഥാടകരെ മക്കയിലേക്ക് കരമാർഗം കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്പനികൾക്കായിരിക്കും. ദുൽഖഅദ്​ ഒന്ന്​ മുതൽ ദുൽഹജ്ജ്​ 15 വരെയുള്ള കാലയളവിലാണ് ബസ്​ സർവിസുണ്ടാകുക. രാജ്യത്തുടനീളം 260 ലധികം സ്ഥലങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാണെന്നും പ്രതിദിനം 200ലധികം ബസുകൾ മക്കയിലേക്ക് പുറപ്പെടുമെന്നും അതോറിറ്റി സൂചിപ്പിച്ചു.

രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന്​ തീർഥാടകർക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് സർവിസിൽ വിദഗ്​ധരും വിശ്വസനീയമുമായ കമ്പനികൾ മുഖേന ഗതാഗത വകുപ്പ് മക്കയിലേക്കും​ തിരിച്ചു ബസ്​ സർവിസ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ഹജ്ജ് നിർവഹിക്കാനുള്ള തീർഥാടകരുടെ ആവശ്യങ്ങൾ പൂർത്തിയാക്കുകയും മക്കയിലേക്കുള്ള യാത്രയിൽ വിവിധ ഗതാഗത ഓപ്ഷനുകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നതിനുമാണെന്നും ഗതാഗത അതോറിറ്റി പറഞ്ഞു​. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച്​ ടിക്കറ്റ്​ റിസർവേഷൻ ​ചെയ്യാം. 

Tags:    

Similar News