ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിലേക്കുള്ള റോഡുകൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും ഡ്രോണുകളും. ‘ജൗദ’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് പുണ്യസ്ഥലങ്ങളിലെ റോഡ് ശൃംഖലയെ കൂടുതൽ കൃത്യമായും സമഗ്രമായും സ്കാൻ ചെയ്യുന്ന സാങ്കേതികവിദ്യയുള്ള ഡ്രോണുകൾ റോഡ്സ് അതോറിറ്റി ഉപയോഗിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പുണ്യസ്ഥലങ്ങളിലെ റോഡ് ശൃംഖല സർവേ ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് റോഡ്സ് അതോറിറ്റി വ്യക്തമാക്കി. തെർമൽ സ്കാനിങ് ഉപയോഗിച്ചാണ് റോഡിന്റെ അവസ്ഥ വിലയിരുത്തുന്നത്. റോഡിലെ അടയാളങ്ങൾ, തടസ്സങ്ങൾ, സുരക്ഷ ഘടകങ്ങൾ എന്നിവയും അവയുടെ അവസ്ഥയും പരിശോധിക്കുന്നതിലുൾപ്പെടും. പരിശോധന സമയവും പ്രയത്നവും കുറക്കുന്നതിന് പുറമെ തോടുകൾ, പാലങ്ങൾ, തടസ്സങ്ങൾ എന്നിവ പോലുള്ള ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ എത്താനുള്ള കഴിവാണ് ഡ്രോണുകളെ വ്യത്യസ്തമാക്കുന്നത്.