ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം, പ്രചരിക്കുന്നത് വ്യാജവാർത്ത
ഈ വർഷത്തെ ഹജ്ജിന് സൗദിയിൽനിന്നുള്ള തീർഥാടകരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചെന്നും പാക്കേജുകൾ പ്രഖ്യാപിച്ചെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം 'എക്‌സ്' അക്കൗണ്ടിലൂടെ നിഷേധക്കുറിപ്പ് ഇറക്കിയത്.
ഹജ്ജ് രജിസ്‌ട്രേഷനുമായോ, പാക്കേജുകളുമായോ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ സ്വന്തം വെബ്സൈറ്റിലൂടെയോ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയോ മാത്രമേ പുറത്തുവിടൂ.
ബെനിഫിഷ്യറി കെയർ സെൻററിലേക്ക് ഫോൺ വിളിച്ചും പൊതുജനങ്ങൾക്ക് ശരിയായ വിവരം അറിയാനുള്ള സൗകര്യമുണ്ട്. അങ്ങനെ കിട്ടുന്ന വിവരങ്ങളിൽ മാത്രം വിശ്വസിക്കുക. തെറ്റായ വിവരങ്ങളും വാർത്തകളും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളും ഒഴിവാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.