മദീന നഗരത്തെ പറന്നുകാണാൻ ജിറോകോപ്ടറുകൾ വരുന്നു. ഹെലികോപ്റ്ററിന്റെ ചെറുപതിപ്പുകളാണ് ജിറോകോപ്റ്റർ. ഇതിൽ യാത്രക്കാരെ കയറ്റി മദീന നഗരത്തിന് മുകളിൽ പറന്ന് കാഴ്ചകൾ ആസ്വദിക്കാനുള്ള ടൂർ സൗകര്യമാണ് ഏർപ്പെടുത്തുന്നത്. റിയാദിൽ സമാപിച്ച സൗദി ടൂറിസം ഫോറത്തിൽ ഇതിനാവശ്യമായ കരാറുകളിൽ മദീന മേഖല വികസന അതോറിറ്റി ഒപ്പുവച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് മദീനയുടെ സമ്പന്നമായ ചരിത്രപരവും ഇസ്ലാമികവും സാംസ്കാരികവുമായ മാനം ഉയർത്തിക്കാട്ടുകയും നഗരത്തിന്റെ സവിശേഷതയായ വിനോദസഞ്ചാര അനുഭവങ്ങളിലേക്ക് അവരെ പരിചയപ്പെടുത്തുകയും ചെയ്യലാണ് കരാറിലുടെ മദീന മേഖല വികസന അതോറിറ്റിയുടെ ഡെസ്റ്റിനേഷൻ ഡെവലപ്മെൻറ് ഓഫിസ് ലക്ഷ്യമിടുന്നത്.
‘വിഷൻ 2030’ന്റെയും തീർഥാടകർക്ക് സേവനം ഒരുക്കുന്നതിനുള്ള പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ‘മദീന ടൂർസ്’എന്ന പേരിൽ ഈ ടൂർ സൗകര്യം ഒരുങ്ങുന്നത്. ഇതിന്റെ ഓപറേഷന് കരീം കമ്പനിയുമായാണ് ആദ്യ കരാർ ഒപ്പിട്ടത്. മദീനയിലെ സുപ്രധാനമായ ചരിത്ര, സാംസ്കാരിക പ്രാധാന്യമുള്ള 12 പൗരാണികസ്ഥലങ്ങൾ സന്ദർശിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് മദീന ടൂർസ് സേവനം. മറ്റൊരു കരാർ പൊതുനിക്ഷേ ഫണ്ടിന്റെ പൂർണയുടമസ്ഥതയിലുള്ള കമ്പനികളിലൊന്നായ സൗദി ക്രൂയിസ് കമ്പനിയുമായാണ്. ചരിത്രപ്രസിദ്ധമായ മദീനയിലെ ടൂറിസം മേഖലയിൽ സാമ്പത്തിക വികസനം മെച്ചപ്പെടുത്താനും നഗരത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും സുഗമമാക്കാനും സന്ദർശകരുടെ അനുഭവം സമ്പന്നമാക്കാനും ഈ ടൂർ സഹായിക്കും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും 2030ഓടെ 15 കോടി ടൂറിസ്റ്റുകളെയും സന്ദർശകരെയും സ്വീകരിക്കുകയെന്ന രാജ്യത്തിന്റെ ലക്ഷ്യത്തിനുള്ള പിന്തുണയായാണ് ഈ നടപടി.