സൗദി തലസ്ഥാന നഗരിയിൽ പ്രകാശത്തിന്റെ അത്ഭുതകരമായ കലാവേലകളൊരുക്കിയ ‘നൂർ അൽ റിയാദ്’ ആഘോഷത്തിന് ഗിന്നസ് വേൾഡ് റെക്കോഡ്. തുടർച്ചയായി നാലാം വർഷവും രണ്ട് പുതിയ റെക്കോഡോടെ ഗിന്നസ് പട്ടികയിൽ ഇടംനേടി. ലോകപ്രശസ്ത കലാകാരൻ ക്രിസ് ലെവ് ഒരുക്കിയ ‘ഹയർ പവർ’ എന്ന സൃഷ്ടിയാണ് ലേസർ ഷോയിൽ തെളിഞ്ഞ് ഒരു ഗിന്നസ് റെക്കോഡിട്ടത്.
ഏറ്റവും ദൂരത്തിൽ ലേസർ ബീം സഞ്ചരിച്ച് ചിത്രമൊരുക്കി എന്ന റെക്കോഡാണ് ഇത് നേടിയത്. റിയാദ് ഒലയയിലെ അൽ ഫൈസലിയ ടവറിന്റെ മുകളിൽനിന്ന് 267 മീറ്റർ ഉയരത്തിൽ ഒരു കിലോവാട്ട് ബീം പ്രസരിച്ചാണ് ആകാശത്ത് ഈ കലാവിസ്മയം ഒരുക്കുന്നത്. റിയാദ് നഗരത്തിന്റെ നാലു ദിക്കുകളിലുമെത്തും വിധമാണ് പ്രകാശ പ്രസരണം.
സൗദി കലാകാരൻ റാഷിദ് അൽഷാഷിയുടെ ‘ദി ഫിഫ്ത്ത് പിരമിഡ്’ ആണ് ഗിന്നസ് റെക്കോഡ് നേടിയ മറ്റൊരു കലാസൃഷ്ടി. പുനരുപയോഗക്ഷമമായ വസ്തുക്കൾ കൊണ്ട് നിർമിച്ച ഏറ്റവും വലിയ പ്രകാശിതമായ പിരമിഡ് ആകൃതിയിലുള്ള കലാസൃഷ്ടി’ എന്ന റെക്കോഡോടെയാണ് ഇത് ഗിന്നസിൽ ഇടം പിടിച്ചത്.
പെട്രോ കെമിക്കൽ ഷിപ്പിങ് പാലറ്റുകളും മറ്റ് പാഴ് വസ്തുക്കളും കൊണ്ട് നിർമിച്ച 28 മീറ്റർ ഉയരമുള്ള ഈ പിരമിഡ് ബത്ഹക്ക് സമീപം റിയാദ് നാഷനൽ മ്യൂസിയം വളപ്പിലാണ് ഒരുക്കിയിരുന്നത്. റിയാദ് നഗരത്തിന്റെ പരിവർത്തനത്തെയും സുസ്ഥിരതയെയും നവീകരണ ത്വരയെയും പ്രതിഫലിപ്പിക്കുന്ന പിരമിഡ് ആകർഷകവും വിസ്മയകരവുമായിരുന്നു. കടുംപച്ച നിറത്തിലുള്ള പിരമിഡ് നെടുകെ പിളർന്ന് പിങ്ക് നിറത്തിൽ പ്രകാശിക്കുന്ന ഒരു ഇടനാഴിയായിരുന്നു.
റിയാദ് നാഷനൽ മ്യൂസിയത്തോട് ചേർന്നുള്ള കിങ് അബ്ദുൽ അസീസ് ഹിസ്റ്ററിക്കൽ ആൻഡ് റിസർച് സെന്ററിൽ നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോഡുകൾ വിതരണം ചെയ്തു. രണ്ട് പുതിയ ഗിന്നസ് വേൾഡ് റെക്കാഡ് നേടിയത് കലയുടെയും സർഗാത്മകതയുടെയും ഒരു വേദിയായി നൂർ അൽ റിയാദ് ആഘോഷം മാറിയ ആഗോള പദവിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിയാദ് ആർട്ട് പ്രോഗ്രാം എക്സി. ഡയറക്ടർ എൻജി. ഖാലിദ് ബിൻ അബ്ദുല്ല അൽ ഹസാനി പറഞ്ഞു.
പ്രചോദിപ്പിക്കുന്ന പരിവർത്തനം കൊണ്ടുവരാനും സാംസ്കാരിക സ്വത്വം വർധിപ്പിക്കാനുമുള്ള കലയുടെ കഴിവിന്റെ തെളിവാണ് ഈ നേട്ടങ്ങൾ. നൂർ റിയാദ് വെളിച്ചത്തിന്റെ ഭാഷയിലൂടെ ആളുകളെ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നുവെന്നും അൽഹസാനി പറഞ്ഞു. ഗിന്നസിൽ നിന്ന് രണ്ട് ലോക കിരീടങ്ങൾ നേടിയതിലൂടെ നൂർ അൽ റിയാദ് ആഘോഷം ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ആർട്ട് ആഘോഷം എന്ന ആഗോളപദവി സ്വന്തമാക്കിയെന്ന് നൂർ അൽ റിയാദ് സെലിബ്രേഷൻ ഡയറക്ടർ എൻജി. നൗഫ് അൽമുനീഫ് പറഞ്ഞു.