പശ്ചിമേഷ്യൻ മേഖലയിൽ വീശിയടിക്കുന്ന ശീതതരംഗം ; സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശൈത്യം കൂടുന്നു
പശ്ചിമേഷ്യൻ മേഖലയിൽ വീശിയടിക്കുന്ന ശീതതരംഗത്തിന്റെ പരിധിയിൽ സൗദി അറേബ്യയും. വിവിധ ഭാഗങ്ങളിൽ കൊടും ശൈത്യം അനുഭവപ്പെടുന്നു. തബൂക്ക്, അൽ ജൗഫ്, ഹാഇൽ, രാജ്യത്തിന്റെ വടക്കേ അതിർത്തി മേഖല എന്നിവിടങ്ങളിൽ തണുപ്പ് കടുത്തു. ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. രാജ്യമെങ്ങും താപനില കാര്യമായി കുറയുന്നു. പല ഭാഗങ്ങളിൽ വരും ദിവസങ്ങളിലും അതിരാവിലെ കടുത്ത മൂടൽ മഞ്ഞുണ്ടാവാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകി.
അൽ ഖസീം, റിയാദ്, കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ തണുത്ത കാറ്റിനും കുറഞ്ഞ താപനിലക്കും സാധ്യതയുണ്ട്. നജ്റാൻ മേഖലയുടെ ചില ഭാഗങ്ങളിലും മക്ക, മദീന മേഖലകളിലും തണുത്ത കാലാവസ്ഥയും ചിലയിടങ്ങളിൽ നേരിയ മഴയും പ്രതീക്ഷിക്കുന്നതായും കേന്ദ്രം വിശദീകരിച്ചു. ജിസാൻ, അസീർ, അൽ ബാഹ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഴക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ചെങ്കടലിലെ ഉപരിതല കാറ്റിന്റെ ചലനം വടക്കുകിഴക്ക്, മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 25 മുതൽ 55 വരെ കി.മീ വേഗത്തിലും തെക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12 മുതൽ 35 വരെ കി.മീ വേഗത്തിലായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിച്ചു. ചെങ്കടലിൽ തെക്കുഭാഗത്ത് തിരമാലയുടെ ഉയരം തെക്കുഭാഗത്ത് ഒന്നര മീറ്റർ മുതൽ രണ്ടര മീറ്റർ വരെയും തെക്കുഭാഗത്ത് അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെയും ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.