പുനരുപയോഗ ഊർജ സൈറ്റുകൾക്കായുള്ള ജിയോഗ്രാഫിക് സർവേ പദ്ധതിക്ക് സൗദി അറേബ്യയിൽ തുടക്കമായി. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സൗരോർജം, കാറ്റിൽ നിന്നുള്ള ഊർജം അളക്കുന്നതിനുള്ള 1,200 സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ കരാറുകൾ സൗദി കമ്പനികൾക്ക് നൽകിക്കൊണ്ട് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. നാഷനൽ റിന്യൂവബിൾ എനർജി പ്രോഗ്രാമിന്റെ ഭാഗമായ ഈ പദ്ധതി ഭൂമിശാസ്ത്രപരമായ കവറേജിന്റെ കാര്യത്തിൽ ആഗോളതലത്തിൽ അഭൂതപൂർവമാണെന്ന് ഊർജ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ജനസംഖ്യയുള്ള മേഖലകൾ, മണൽത്തിട്ട പ്രദേശങ്ങൾ, വ്യോമാതിർത്തി നിയന്ത്രണ ഭാഗങ്ങൾ എന്നിവ ഒഴികെ 8,50,000 ചതുരശ്ര കിലോമീറ്ററിലധികം സർവേ നടത്തി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. യു.കെ, ഫ്രാൻസ് എന്നിവയുടെ ഭൂവിസ്തൃതിക്ക് തുല്യമാണ്. ലോകത്ത് മറ്റൊരു രാജ്യവും ഇത്രയും വിസ്തൃതിയിൽ ഇത്തരത്തിലുള്ള ഭൂമിശാസ്ത്ര സർവേ നടത്തിയിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ വലുപ്പവും ഈ പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള മുൻഗണനയും കണക്കിലെടുത്ത് രാജ്യത്തിന്റെ പ്രദേശങ്ങളിൽ പുനരുപയോഗ ഊർജപദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള മികച്ച സൈറ്റുകൾ കണ്ടെത്തുന്നതിന് പദ്ധതി സഹായിക്കുമെന്ന് അമീർ അബ്ദുൽ അസീസ് പറഞ്ഞു. പദ്ധതി നൽകുന്ന ഡേറ്റയുടെ സമഗ്രതയെക്കുറിച്ച്, ആദ്യ ഘട്ടത്തിൽ, പുനരുപയോഗ ഊർജപദ്ധതികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് സ്റ്റേഷനുകൾ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന നിയുക്തപ്രദേശം സർവേ ചെയ്യുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
തുടർന്ന്, ഉയർന്ന കൃത്യതയോടെ പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ ഡേറ്റയും തുടർച്ചയായി നൽകുന്നതിന് പദ്ധതിയുടെ സ്റ്റേഷനുകൾ ഈ സൈറ്റുകളിലേക്ക് മാറ്റുകയും അവിടെ സ്ഥാപിക്കുകയും ചെയ്യും. ഭൂനിരപ്പിൽ നൂതന അളവ് ഉപകരണങ്ങൾ ഘടിപ്പിച്ച സോളാർ എനർജി മെഷർമെൻറ് സ്റ്റേഷനുകൾ ഡയറക്ട് നോർമൽ ഇറേഡിയൻസ് (ഡി.എൻ.ഐ), ഗ്ലോബൽ ഹൊറിസോണ്ടൽ ഇറേഡിയൻസ് (ജി.എച്ച്ഐ.), ഡിഫ്യൂസ് ഹൊറിസോണ്ടൽ ഇറേഡിയൻസ് (ഡി.എച്ച്.ഐ), പൊടി, മലിനീകരണ നിക്ഷേപ നിരക്ക്, വികിരണം, അന്തരീക്ഷ താപനില, മഴയുടെ അളവ്, ആപേക്ഷിക ആർദ്രത, അന്തരീക്ഷമർദം എന്നിവ പ്രതിഫലിപ്പിക്കുന്നത് രേഖപ്പെടുത്തുമെന്ന് മന്ത്രി വിശദീകരിച്ചു.
അതേസമയം 120 മീറ്റർ വരെ വ്യത്യസ്ത ഉയരങ്ങളിൽ സ്ഥാപിക്കുന്ന ഊർജ അളക്കൽ സ്റ്റേഷനുകൾ, കാറ്റിന്റെ വേഗവും ദിശയും, അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷമർദം, ആപേക്ഷിക ആർദ്രത എന്നിവ രേഖപ്പെടുത്തും. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങളും ആഗോളരീതികളും പ്രയോഗിച്ചും വിവരശേഖരണം നടത്തുമെന്ന് മന്ത്രി സൂചിപ്പിച്ചു. 24 മണിക്കൂറും നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും കൈമാറാനും ഊർജ മന്ത്രാലയത്തിൽ ഒരു പ്ലാറ്റ്ഫോം സ്ഥാപിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു.
അതുവഴി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സൈറ്റുകളെ വിലയിരുത്താനും റാങ്ക് ചെയ്യാനും അത് ഡിജിറ്റലായി വിശകലനം ചെയ്യാനും പ്രോസസ് ചെയ്യാനും കഴിയുമെന്ന് ഊർജ മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ, പദ്ധതിയുടെ ഡേറ്റയുടെ കൃത്യതയും തുടർച്ചയായ അപ്ഡേറ്റും പ്രാദേശികവും അന്തർദേശീയവുമായ ധനകാര്യസ്ഥാപനങ്ങളുടെ ആവശ്യകതകൾക്ക് അനുസൃതമായി ധനസഹായം നൽകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പുനരുപയോഗ ഊർജ പദ്ധതികൾക്കായി ഭൂമി പതിച്ചുനൽകുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പദ്ധതി പ്രഖ്യാപനവും നടത്തിപ്പും വേഗത്തിലാക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡേറ്റ ലഭിക്കുന്നതിന് 18 മുതൽ 24 മാസം വരെയുള്ള നിലവിലെ കാത്തിരിപ്പ് കാലയളവ് ഇത് ഒഴിവാക്കുന്നു. അത്തരം ഡേറ്റയുടെ ലഭ്യത പുനരുപയോഗ ഊർജപദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറക്കുകയും അത്തരം പദ്ധതികളുടെ നിക്ഷേപ ആകർഷണം വർധിപ്പിക്കുകയും പുനരുപയോഗ ഊർജപദ്ധതികളുടെ വികസനത്തിലും നിക്ഷേപത്തിലും പങ്കാളിയാകാൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുനരുൽപാദിപ്പിക്കാവുന്ന ഊർജം ഉൽപാദിപ്പിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഈ പദ്ധതി ആവർത്തിച്ച് ഉറപ്പിക്കുന്നു. കാരണം ഇത് രാജ്യത്തുടനീളമുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ വിനിയോഗം ഒപ്റ്റിമൈസ് ചെയ്യും. ശുദ്ധമായ ഹൈഡ്രജൻ ഉൽപാദിപ്പിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തെ പ്രോത്സാഹിപ്പിക്കുക. 2030ഓടെ ഊർജ മിശ്രിതത്തിന്റെ 50 ശതമാനവും പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളോടെ വൈദ്യുതി ഉൽപാദനത്തിനുള്ള ഒപ്റ്റിമൽ എനർജി മിക്സ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ദ്രവ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിലൂടെ ദ്രവ ഇന്ധന സ്ഥാനചലന പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ പദ്ധതി സഹായിക്കും.
‘ഈ വർഷം (2024) മുതൽ രാജ്യം പ്രതിവർഷം 20 ജിഗാവാട്ട് ശേഷിയുള്ള പുതിയ പുനരുപയോഗ ഊർജ പദ്ധതികൾ ടെൻഡർ ചെയ്യും. 2030 ഓടെ വൈദ്യുതി ആവശ്യകതയുടെ വളർച്ചയെ ആശ്രയിച്ച് 100 മുതൽ 130 ജിഗാവാട്ട് വരെ എത്തിക്കാൻ ലക്ഷ്യമിടുന്നു’ -അദ്ദേഹം പറഞ്ഞു.