സൗദിയില്‍ പരക്കെ മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മക്ക, മദീന റിയാദ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയിലാകും പൊടിക്കാറ്റ് അനുഭവപ്പെടുക.
ജസാന്‍, അബഹ ഖമീസ് മുശൈത്ത്, മഹാഇല്‍, അല്‍ബഹ, മക്ക, മദീന, താഇഫ്, റിയാദ്, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കാലാവസ്ഥാ മാറ്റം അനുഭവപ്പെടും. തിങ്കളാഴ്ച മുതല്‍ അനുഭവപ്പെടുന്ന മാറ്റം വ്യാഴാഴ്ച വരെ തുടരും. രാജ്യം ശൈത്യത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി വിവിധ ഭാഗങ്ങളില്‍ മഴ അനുഭവപ്പെടുന്നുണ്ട്. റിയാദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താപനിലയില്‍ വലിയ കുറവും അനുഭവപ്പെടുന്നുണ്ട്.