സൗദിയിൽ തൊഴിൽ സംബന്ധിച്ച കേസുകൾ വർധിക്കുന്നു ; കരാർ ലംഘനങ്ങളും വേതന കാലതാമസവും കൂടുതൽ

Update: 2023-12-10 11:30 GMT

സൗദിയിലെ തൊഴില്‍ കോടതികളില്‍ ഈ വര്‍ഷം ഇതുവരെയായി ലഭിച്ച കേസുകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. തൊഴിലുടമയും ജീനക്കാരും തമ്മിലുള്ള കരാര്‍ ലംഘനങ്ങള്‍, ശമ്പളം ലഭിക്കുന്നതിലെ കാലതാമസം എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതികളിലധികവും. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

സൗദിയില്‍ 2023ല്‍ ഇതുവരെയായി ഒരു ലക്ഷത്തി ഇരുന്നൂറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി നിയമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ശരാശരി പ്രതിദിനം 426 തൊഴില്‍ കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നതായി മന്ത്രാലയം വ്യക്തമാക്കി.

തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാര്‍ ലംഘനങ്ങള്‍, വേതന പരിഷ്‌കരണവും കാലതാമസവും, അലവന്‍സുകള്‍, നഷ്ടപരിഹാരം, അവാര്‍ഡുകളും സേവന സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിലെ താമസം എന്നിവ കോടതികളിലെത്തുന്ന കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ 30530 കേസുകള്‍.

മക്കയില്‍ 26677ഉം, കിഴക്കന്‍ പ്രവിശ്യയില്‍ 13111ഉം, അസീറില്‍ 5723ഉം, മദീനയില്‍ 5335, ഖസീമില്‍ 4656ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തവയില്‍ ഉള്‍പ്പെടും. രാജ്യത്ത് തൊഴില്‍ പരാതികള്‍ കുറക്കുന്നതിനും പരിഹരിക്കുന്നതിനും ലക്ഷ്യമിട്ട് വിവിധ പദ്ധതികളും നിയമ പരിഷ്‌കാരങ്ങളും നടപ്പിലാക്കി വരുന്നുണ്ട്.

Tags:    

Similar News