സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ

Update: 2024-03-24 10:07 GMT

കാർഷികാവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന വളത്തിന്റെ മറവിൽ സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു. ജിദ്ദ തുറമുഖം വഴി 25 ലക്ഷത്തോളം ആംഫെറ്റാമൈൻ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നർകോട്ടിക് കൺട്രോൾ അറിയിച്ചു. ഇറക്കുമതി ചെയ്ത കാർഷിക വളങ്ങളുടെ ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് 2,465,000 ഗുളികകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്ന് വക്താവ് മേജർ മർവാൻ അൽ ഹസ്മി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്ന് അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ സിറിയൻ പൗരനാണ്.

രണ്ടുപേർ സൗദി പൗരന്മാരാണ്. മറ്റ് രണ്ട് പേർ അനധികൃത കുടിയേറ്റക്കാരാണെന്നും അധികൃതർ പറഞ്ഞു. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരുമായി ഏകോപിച്ചാണ് നർകോട്ടിക് കൺട്രോൾ ഡയറക്ടറേറ്റ് ഓപ്പറേഷൻ നടത്തിയത്. മയക്കുമരുന്ന് കള്ളക്കടത്തിനെക്കുറിച്ചോ വിതരണത്തെക്കുറിച്ചോ കണ്ടെത്തുന്ന എന്തെങ്കിലും വിവരം അറിയിക്കാൻ സുരക്ഷാ സേവനങ്ങൾ പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

Tags:    

Similar News