സൗദിയിൽ ഫിനാൻഷ്യൽ കമ്പനികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം. രാജ്യം ഫിനാൻഷ്യൽ ടെക്നോളജി മേഖലയിൽ വലിയ വളർച്ച കൈവരിച്ചു വരികയാണ്. ഈ മേഖലയിലെ നിക്ഷേപം എഴുന്നൂറ് കോടി റിയാൽ കടന്നതായി ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. റിയാദിൽ നടക്കുന്ന ഇന്റർനാഷണൽ ഫിനാൻഷ്യൽ ടെക്നോളജി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഫിനാൻഷ്യൽ ടെക്നോളജി സ്ഥാപനങ്ങളുടെ എണ്ണത്തിൽ ഈ വർഷം ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്.
2024 രണ്ടാം പാദം അവസാനത്തിലേക്ക് അടുത്ത് കൊണ്ടിരിക്കെ സ്ഥാപനങ്ങളുടെ എണ്ണം 224 ആയി ഉയർന്നു. കഴിഞ്ഞ വർഷമിത് 168 ആയിരുന്നിടത്താണ് വലിയ വർധനവ്. 2030ഓടെ സ്ഥാപനങ്ങളെ 525ലേക്ക് എത്തിക്കാനാണ് പദ്ധതിയെന്നും മന്ത്രി കൂട്ടിചേർത്തു. കമ്പനികളുടെ വളർച്ച രാജ്യത്തെ സാമ്പത്തിക സാങ്കേതിക മേഖലയുടെ ചാലകശക്തിയാണെന്ന് സാമ ഗവർണർ അയ്മൻ അൽസയാരി പറഞ്ഞു. ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങി പിന്നീട് പണം അടക്കുക എന്നതാണ് രാജ്യത്തെ ഉപഭോക്താക്കളുടെ രീതിയെന്നും ഇത് ഓൺലൈൻ ഇടപാടുകളും ഇൻസ്്റ്റാൾമെന്റ് കച്ചവടങ്ങളും വർധിക്കാൻ ഇടയാക്കിയെന്നും കോൺഫറൻസിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.