റിയാദ് : സൗദി വിനോദ സഞ്ചാര മേഖലയുടെ മുഖം മാറ്റാനൊരുങ്ങി സൗദിയുടെ ആഡംബര ദ്വീപായ സിൻഡാല. സൗദിയുടെ സ്വപ്ന നഗരിയായ നിയോമിലാണ് സിൻഡാല ഒരുങ്ങുന്നത്. അത്യാധുനിക യോട്ടുകളും അപ്പാർട്മെന്റുകളും അടങ്ങിയ സിൻഡാല 2024 ൽ അതിഥികളെ സ്വീകരിക്കാനൊരുങ്ങും. സിൻഡാല ദ്വീപ് സൗദി വിനോദസഞ്ചാര വ്യവസായത്തിനു കരുത്തുപകരുമെന്നു പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
8.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന സിൻഡാലയിൽ 86 ബർത്ത് മറീന, 413 അൾട്രാ പ്രീമിയം ഹോട്ടൽ മുറി, 333 ആഡംബര അപ്പാർട്‌മെന്റ്, ആഡംബര ബീച്ച് ക്ലബ്, യോട്ട് ക്ലബ്, അത്യാധുനിക കോൾഫ് കോഴ്സ് എന്നിവയുണ്ടാകും. ചെങ്കടലിലേക്കുള്ള പ്രധാന കവാടമായി മാറുന്ന സിൻഡാല 2024ൽ അതിഥികളെ സ്വാഗതം ചെയ്യും.വർഷംമുഴുവൻ വിനോദസഞ്ചാരികളെ ആകർഷിക്കുംവിധം സാംസ്കാരിക, കലാ കായിക പരിപാടികളും കാഴ്ചകളും ഒരുക്കും. സംഗീത കച്ചേരി, കലാ-സാംസ്‌കാരിക, പാചക, ഫാഷൻ ഉത്സവങ്ങളിലേക്ക് അതിഥികൾക്കും പ്രവേശനമുണ്ടാകും. നിയോമിലെ ഒട്ടേറെ ദ്വീപുകളിൽ ഒന്നു മാത്രമാണ് സിൻഡാല. ടൂറിസം, ഹോസ്പിറ്റാലിറ്റി, സേവന മേഖലകളിലായി 3,500 പേർക്ക് ജോലി സാധ്യതയുണ്ട്. നിയോമിന്റെയും സൗദി അറേബ്യയുടെയും യഥാർഥ സൗന്ദര്യം യാത്രക്കാർക്ക് അനുഭവിക്കാൻ കഴിയുംവിധത്തിലാണ് ദ്വീപ് ഒരുക്കുന്നതെന്ന് നിയോമിലെ ഹോട്ടൽ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ക്രിസ് നുമാൻ പറഞ്ഞു