സൗദി അറേബ്യയിൽ 11549 പുതിയ വാണിജ്യ സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിച്ചു
കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ വ്യവസായ രംഗത്ത് പുതിയ കമ്പനികൾക്കായി അനുവദിച്ച ലൈസൻസുകളുടെ എണ്ണം 11,549 ആണെന്ന് വ്യവസായ- ധാതു മന്ത്രാലയം. 25 വ്യവസായിക പ്രവർത്തന മേഖലയിലാണ് ഇത്രയും ലൈസൻസുകൾ അനുവദിച്ചത്. ഈ കമ്പനികളിലുടെ ആകെ നിക്ഷേപിക്കപ്പെടുന്നത് ഏകദേശം 1.541 ലക്ഷം കോടി റിയാലാണ്. വിവിധ മേഖലകളിലാണ് ലൈസൻസുകൾ നൽകിയത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷ്യോൽപന്ന മേഖലയാണ്. 244 ലൈസൻസുകളാണ് നൽകിയത്. തൊട്ടടുത്ത് 176 ലൈസൻസുകളുമായി നോൺ-മെറ്റാലിക് മിനറൽ ഉൽപന്നങ്ങൾ നിർമിക്കുന്ന പ്രവർത്തന മേഖലയാണ്. മുന്നാം സ്ഥാനത്ത് 165 ലൈസൻസുകൾ നൽകപ്പെട്ട ലോഹ ഉൽപാദന മേഖലയും നാലാം സ്ഥാനത്ത് 123 ലൈസൻസുകൾ നൽകപ്പെട്ട റബ്ബർ, പ്ലാസ്റ്റിക് ഉൽപാദന മേഖലയുമാണ്. വ്യവസായിക മേഖലയിലെ നിക്ഷേപകർക്ക് നിരവധി സൗകര്യങ്ങൾ വ്യവസായ- ധാതു സമ്പത്ത് സംവിധാനം നൽകുന്നുണ്ട്. അതിലൊന്ന് സൗദി ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ഫണ്ട് ആണ്.
1974ൽ സ്ഥാപിതമായതുമുതൽ 150 ശതകോടി റിയാലിന്റെ 5,038 വായ്പകൾ നൽകിയിട്ടുണ്ട്. രാജ്യത്തെ വ്യവസായിക സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുള്ള ദേശീയ വ്യവസായിക തന്ത്രം 12 ഉപമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മന്ത്രാലയം സൂചിപ്പിച്ചു. വാഹനങ്ങൾ, സൈനിക വ്യവസായങ്ങൾ, സമുദ്ര വ്യവസായങ്ങൾ, വ്യോമയാനം, പുനരുപയോഗ ഊർജം, രാസവസ്തുക്കൾ, ഖനന വ്യവസായങ്ങൾ, ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയാണവ.