'ജിദ്ദ ചരിത്ര മേഖല' ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ട് 10 വർഷം ; വിപുലമായ ആഘോഷവുമായി സൗദി അറേബ്യ
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ‘ജിദ്ദ ചരിത്രമേഖല’ ഇടം പിടിച്ചതിന്റെ 10ആം വാർഷികം സൗദി അറേബ്യ വിപുലമായി ആഘോഷിക്കാനൊരുങ്ങുന്നു. സാംസ്കാരിക മന്ത്രാലയത്തിന്റെ ജിദ്ദ ഹിസ്റ്റോറിക് പ്രോഗ്രാമാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
ജിദ്ദ ചരിത്ര മേഖലയുടെ സാംസ്കാരികവും നഗരപരവുമായ പൈതൃകം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ‘വിഷൻ 2030’ന് അനുസൃതമായി ആഗോള പൈതൃക കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ പ്രോഗ്രാമിന് കീഴിൽ തുടരുകയാണെന്ന് ചരിത്ര മേഖല പ്രോഗ്രാം അധികൃതർ പറഞ്ഞു.
ഈ മേഖലയുടെ പൈതൃകം സംരക്ഷിക്കുന്നതിന് ജിദ്ദ മുനിസിപ്പാലിറ്റിയും പൈതൃക അതോറിറ്റിയും സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ജിദ്ദ ചരിത്ര മേഖല അതിന്റെ തനതായ വാസ്തുവിദ്യാ,നാഗരിക, സാംസ്കാരിക ഘടകങ്ങളാൽ 2.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുകയാണെന്നും അധികൃതർ സൂചിപ്പിച്ചു.ചെങ്കടൽ തീരത്തെ പ്രധാന ഭൂമിശാസ്ത്രപരമായ സ്ഥാനവും ഇതിനെ വേർതിരിക്കുന്നു.
എ.ഡി ഏഴാം നൂറ്റാണ്ടുമുതൽ മക്കയിലേക്ക് വരുന്ന തീർഥാടകരുടെ ഒരു പ്രധാന തുറമുഖമായും ഏഷ്യ-ആഫ്രിക്ക ഭൂഖണ്ഡങ്ങൾക്കിടയിലുള്ള ആഗോള വ്യാപാര പാതകളുടെ ഒരു കവലയായും സാംസ്കാരികവും സാമ്പത്തികവുമായ വിനിമയത്തിനുള്ള കേന്ദ്രമായും ഇത് മാറിയിരുന്നു.
പ്രദേശത്ത് 650ലധികം പൈതൃക കെട്ടിടങ്ങൾ, അഞ്ച് പ്രധാന പൗരാണിക ചന്തകൾ, നിരവധി പുരാതന പള്ളികൾ, ഒരു പുരാതന വിദ്യാലയം എന്നിവ ഉൾപ്പെടുന്നുവെന്ന് പ്രോഗ്രാം അധികൃതർ പറഞ്ഞു. ചെങ്കടൽ തീരത്തെ ചരിത്രപ്രധാനമായ നഗരങ്ങളുടെ വാസ്തുവിദ്യാ ശൈലിയും നഗരഘടനയുംകൊണ്ട് വ്യത്യസ്തമാണ് ജിദ്ദ ചരിത്രമേഖല.
ബഹുനില കെട്ടിടങ്ങൾ, മരത്തടികൾ, പരമ്പരാഗത നിർമാണ രീതികൾ, ഇടുങ്ങിയ തെരുവുകൾ എന്നിവ മുൻകാലങ്ങളിൽ സാമൂഹിക ഐക്യദാർഢ്യം വർധിപ്പിക്കുന്നതിന് സഹായകമായിരുന്നെന്നും പ്രോഗ്രാം അധികൃതർ പറഞ്ഞു.