സൗദി അറേബ്യയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ജഡ്‍ജി അറസ്റ്റില്‍

Update: 2022-11-17 08:47 GMT


റിയാദ് : അനുകൂല വിധി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ സൗദി അറേബ്യയില്‍ ജഡ്ജി അറസ്റ്റിൽ .ജ‍ഡ്ജി ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് അല്‍ ജുഹാനിയാണ് പിടിയിലായത്. കൈക്കൂലിയുടെ ആദ്യ ഗഡുവായി അഞ്ച് ലക്ഷം റിയാല്‍ വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. 40 ലക്ഷം റിയാലാണ് അനുകൂല വിധി നല്‍കുന്നതിന് സൗദി അറേബ്യൻ പൗരനിൽ നിന്നും ആവശ്യപ്പെട്ടതെന്നാണ് എന്നാണ് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷണല്‍ ആന്റി കറപ്ഷന്‍ കമ്മീഷന്‍ (നസഹ) ആണ് മദീന ഏരിയയിലെ അപ്പീല്‍ കോടതി ജഡ്‍ജിയെ അറസ്റ്റ് ചെയ്തത്. അനുകൂല വിധി നല്‍കുന്നതിനായി ജഡ്‍ജി പ്രതിഭാഗത്തുനിന്നും കൈക്കൂലി സ്വീകരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഴിമതി തുടച്ചുനീക്കുന്നതിനായി അഴിമതി വിരുദ്ധ അതോറിറ്റി നടത്തിവരുന്ന നടപടികളുടെ ഭാഗമായായിരുന്നു അറസ്റ്റെന്നും അധികൃതര്‍ വിശദീകരിച്ചു. ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അതോറിറ്റി അറിയിച്ചു. പിടിയിലായ ജഡ്ജിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. രാജ്യത്തെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 2011ലാണ് നസാഹ എന്ന സംവിധാനത്തിന് സൗദി ഭരണകൂടം രൂപം നല്‍കിയത്.

Similar News