വാക്‌സിൻ സുരക്ഷിതമാണ്, വൈറസ് ശക്തവും ; ജാഗ്രത പാലിക്കാൻ നിർദേശം നൽകി സൗദി ആരോഗ്യമന്ത്രാലയം

Update: 2022-12-12 08:56 GMT


റിയാദ് : സീസണൽ ഇൻഫ്ലുൻസ വർധിക്കുന്നതിന്റെ ഭാഗമായി വാക്‌സിൻ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വർഷങ്ങളേക്കാൾ അപകടകരമായ വ്യാപനമാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിന്റെ തീവ്രത കൂടിയ വ്യാപനം ആരോഗ്യനില വഷളാക്കുകയും, പനി മരണത്തിലേക്കു നയിക്കാൻ സാധ്യതയുമുള്ളതിനാലാണ് ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. വാക്‌സിൻ എടുക്കുന്നത് ഒരു പരിധി വരെ ആരോഗ്യ സംരക്ഷണം നൽകുമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അതേസമയം വാക്സീനേഷൻ സുരക്ഷിതമാണെന്നും പാർശ്വഫലങ്ങളില്ലെന്നും , ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇൻഫ്ലുൻസ വാക്‌സിന്റെ ഫലപ്രാപ്തി വർഷങ്ങളായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇൻഫ്ലുവൻസ വൈറസിന്റെ പ്രവർത്തനത്തെ നേരിടാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം മാസ്ക് ധരിക്കുന്നതിനു പുറമെ വാക്സീൻ എടുക്കുക എന്നതാണ്. "നിങ്ങൾ ആഗ്രഹിക്കുന്ന നിമിഷം" എന്ന മുദ്രാവാക്യത്തിനു കീഴിൽ സീസണൽ ഇൻഫ്ലുവൻസക്കെതിരെ വാക്സീൻ നൽകുന്നതിനു മന്ത്രാലയം അടുത്തിടെ ഒരു ബോധവൽക്കരണ ക്യാംപെയിൻ ആരംഭിച്ചതു ശ്രദ്ധേയമാണ്.

ആരോഗ്യമേഖലയിലെ പ്രവർത്തകരെ കൂടാതെ പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, ഗർഭിണികൾ തുടങ്ങി സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെയാണ് കൂടുതൽ ലക്ഷ്യമിടുന്നത്.

ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവിയിൽ അണുബാധ, രക്തത്തിലെ വിഷബാധ, മരണം എന്നിവയാണു സീസണൽ ഇൻഫ്ലുവൻസ കാരണം ഉണ്ടാകുന്നത്. വിറയൽ, വിയർപ്പ്, 38 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ഉയർന്ന താപനില, പേശി വേദന, തലവേദന, തൊണ്ടവേദന, നിരന്തരമായ ചുമ, നിർജ്ജലീകരണം, മൂക്കൊലിപ്പ് എന്നിവ ലക്ഷണങ്ങളാണ്. വാക്‌സീൻ എടുക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, കൈകൾ നന്നായി കഴുകുക, കണ്ണും വായയും നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂ ഉപയോഗിക്കുക, സ്ഥലത്തിന്റെ ശുചിത്വം ഉറപ്പാക്കുക എന്നിവയിലൂടെ ഇൻഫ്ലുവൻസ തടയാം. വാക്‌സിനേഷൻ എടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനും രോഗബാധിതരുടെ നിരക്ക് കുറയ്ക്കാനും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനും മന്ത്രാലയം ശ്രമിക്കുന്നു. കാലാനുസൃതമായ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്തു.

Similar News