ആകാശത്ത് വർണവിസ്മയം തീർക്കുന്ന കാഴ്ചകളോടെ പുതുവർഷത്തെ വരവേൽക്കാനൊരങ്ങി ഖത്തർ. മുൻവർഷത്തെപ്പോലെ ലുസൈൽ ബൊളിവാഡിലാണ് സ്വദേശികൾക്കും താമസക്കാർക്കുമെല്ലാം ആഘോഷപൂർവം പുതുവർഷത്തെ വരവേൽക്കാൻ ഇത്തവണയും അവസരമൊരുക്കുന്നത്. ചൊവ്വാഴ്ച രാത്രിയിൽ ഡ്രോൺ ഷോ, ലൈറ്റ് ഷോ, ഡി.ജെ ഉൾപ്പെടെ പരിപാടികളാണ് ലുസൈൽ സിറ്റി അധികൃതരുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കുന്നത്. പുതു കലണ്ടർ പിറക്കുന്ന 12 മണി മുഹൂർത്തത്തിൽ ആകാശത്ത് അതിശയ കാഴ്ചയുമായി വെടിക്കെട്ടും തുടങ്ങും.
കഴിഞ്ഞ വർഷം പതിനായിരത്തിലേറെ പേരായിരുന്നു ലുസൈലിൽ ന്യൂ ഇയർ ആഘോഷിക്കാനെത്തിയത്. ജനത്തിരക്ക് കണക്കിലെടുത്ത് എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു. ലുസൈലിനു പുറമെ ഖത്തറിലെ നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും സംഗീത പരിപാടികളുമായി പ്രത്യേക ന്യൂ ഇയർ പാക്കേജുകൾ അവതരിപ്പിക്കുന്നുണ്ട്.