വിദേശ വിനോദ സഞ്ചാരികളുടെ വരവിൽ ഗണ്യമായ വർധന പ്രതീക്ഷിച്ച് ഖത്തർ. ഈ വർഷം 45 ലക്ഷവും അടുത്ത വർഷം 49 ലക്ഷവും ആളുകൾ ഖത്തർ സന്ദർശിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനും ഖത്തറിനെ ബിസിനസ്, ടൂറിസം ഹബായി വികസിപ്പിക്കുന്നതിനും വൈവിധ്യമാർന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ട്രാവൽ ആൻഡ് ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനും സന്ദർശകർക്ക് ഹൃദ്യവും വൈവിധ്യവുമായ അനുഭവം നൽകാനും പൊതു-സ്വകാര്യ മേഖലകളെ സഹകരിപ്പിച്ച് പദ്ധതികൾ ആവിഷ്കരിക്കുന്നതാണ് സർക്കാർ നയം. ആഗോള സാമ്പത്തിക വ്യവസ്ഥയിലെ മന്ദഗതി വിനോദസഞ്ചാര വളർച്ചയെ ബാധിക്കുന്നെങ്കിലും ഖത്തർ ശുഭപ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നത്.
പ്രതിവർഷം 60 ലക്ഷം സന്ദർശകരെ ആകർഷിക്കുകയും 2030ഓടെ ജി.ഡി.പിയിലേക്ക് വിനോദസഞ്ചാര മേഖലയുടെ സംഭാവന 12 ശതമാനമായി ഉയർത്തുകയുമാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ട്രാവൽ ആൻഡ് ടൂറിസത്തിന്റെ ജി.ഡി.പി സംഭാവന 10.3 ശതമാനമാണ്. മുൻവർഷത്തേക്കാർ 31 ശതമാനം വർധിച്ചാണ് 81.2 ബില്യൺ റിയാലിലെത്തിയത്. 20,300ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു. 3.34 ലക്ഷത്തിലധികം പേർ ട്രാവൽ ആൻഡ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നു. ഇത് രാജ്യത്തെ തൊഴിലാളികളുടെ 15.8 ശതമാനമാണ്.
രാജ്യത്തിന്റെ ഭാവി വളർച്ചയുടെ ചാലകമാണ് വിനോദസഞ്ചാര മേഖലയെന്ന് ഖത്തർ ടൂറിസം മേധാവി പ്രതികരിച്ചു. പൈതൃകവും ആധുനികതയും സമന്വയിപ്പിച്ച മികച്ച ഇടം എന്ന പ്രമേയത്തിൽ ഊന്നി യൂറോപ്യൻ രാജ്യങ്ങളിൽ ‘വിസിറ്റ് ഖത്തർ’ വലിയ പ്രചാരണമാണ് നടത്തുന്നത്. കഴിഞ്ഞയാഴ്ച സമാപിച്ച യൂറോ കപ്പ്, കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിനോടനുബന്ധിച്ച് ‘വിസിറ്റ് ഖത്തർ’ വിവിധ ആക്ടിവേഷനുകൾ സംഘടിപ്പിച്ചിരുന്നു. യൂറോപ്യൻ സഞ്ചാരികളെയാണ് കാര്യമായി ഖത്തർ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ഫുട്ബാൾ ലോകകപ്പ് ഖത്തറിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്നതിൽ ഏറെ ഉപകരിച്ചിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ വികസിപ്പിച്ചതും നേട്ടമായി. 10 ലക്ഷത്തോളം സന്ദർശകർ അധികം എത്തിയാലും സ്വീകരിക്കാനുള്ള അടിസ്ഥാന സൗകര്യം ഖത്തർ സജ്ജമാക്കിയിട്ടുണ്ട്. വൈവിധ്യവത്കരണത്തിലൂടെയും വികസനത്തിലൂടെയും സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള ‘ഖത്തർ ദേശീയ വിഷൻ 2030’ലെ ഏറ്റവും പ്രധാന ശ്രദ്ധാകേന്ദ്രം വിനോദസഞ്ചാര മേഖലയാണ്.