ഖത്തറിൽ രണ്ടാമത്തെ സ്‌പേസ് റേഡിയോ മോണിറ്ററിങ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സാറ്റലൈറ്റുകളിൽ നിന്നുള്ള സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനുമുള്ള സംവിധാനമാണ് സ്‌പേസ് റേഡിയോ മോണിറ്ററിങ് കേന്ദ്രം. മേഖലയിലെ തന്നെ ഇത്തരത്തിലുള്ള രണ്ടാമത്തെ കേന്ദ്രമാണിത്.
ലോകത്ത് ആകെ 16 എസ്ആർഎം കേന്ദ്രങ്ങളാണുള്ളത്. ഉപഗ്രഹങ്ങളിൽ നിന്നും ഡാറ്റകൾ സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള മൊബൈൽ വി സാറ്റ് ടെർമിനൽ സേവനമുള്ള ആദ്യ റെഗുലേറ്ററി ബോഡിയെന്ന നേട്ടവും എസ്.ആർ.എം.സിയിലൂടെ ഖത്തർ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി സ്വന്തമാക്കി. സാറ്റലൈറ്റ് ഓപറേഷനിലും വിവര കൈമാറ്റത്തിലും റേഡിയോ സ്റ്റേഷന്റ സാന്നിധ്യം ശ്രദ്ധേയമായി മാറും.
മർഖിയാതിലെ അൽ ദർബ് മേഖലയിൽ 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അത്യാധുനിക സംവിധാനങ്ങളോടെ ഈ നിരീക്ഷണ യൂണിറ്റ് സ്ഥാപിച്ചത്. കൺട്രോൾ സെന്റർ, ആന്റിന ഫാം, മൊബൈൽ മോണിറ്ററിങ് സ്റ്റേഷൻ, ഡ്രോൺ മോണിറ്ററിങ് യൂണിറ്റ് എന്നിയടങ്ങുന്ന വിപുലമായ സൗകര്യങ്ങളോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.