ഖത്തറിൽ കെട്ടിട നിർമാണ പെർമിറ്റുകളുടെ എണ്ണത്തിൽ വർധന

Update: 2023-02-12 09:27 GMT

 രാജ്യത്ത് വിവിധ നഗരസഭകളിലായി അനുവദിച്ച കെട്ടിട നിർമാണ പെർമിറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന. ഇത് നിർമാണ മേഖലയുടെ പ്രകടന മികവിനെയാണ് സൂചിപ്പിക്കുന്നത്. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ പെർമിറ്റ് വിതരണത്തിൽ 37 ശതമാനമാണ് വർധനയുണ്ടായി. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തു വിട്ട കണക്കു പ്രകാരം ജനുവരിയിൽ 721 പുതിയ പെർമിറ്റുകളാണ് വിതരണം ചെയ്തത്.

പുതിയ റസിഡൻഷ്യൽ കെട്ടിടങ്ങൾക്കായി 192, റസിഡൻഷ്യൽ ഇതര കെട്ടിടങ്ങൾക്കായി 83, കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകൾക്കായി 423, ഫെൻസിങ്ങിനായി 23 പെർമിറ്റുകളുമാണ് ജനുവരിയിൽ അനുവദിച്ചത്. 162 വില്ലകൾ, 16 അപ്പാർട്‌മെന്റുകൾ, 42 വാണിജ്യ കെട്ടിടങ്ങൾ, 5 സർക്കാർ കെട്ടിടങ്ങൾ, 11 വ്യാവസായിക കെട്ടിടങ്ങൾ എന്നിവയ്ക്കാണ് നിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റുകൾ നൽകിയത്. ജനുവരിയിലെ പെർമിറ്റ് വിതരണത്തിൽ ഡിസംബറിനേക്കാൾ വർധന രേഖപ്പെടുത്തിയ നഗരസഭകൾ ഇവയാണ്.

അൽഖോർ (132 ശതമാനം), അൽ ഷിഹാനിയ (72 ശതമാനം), അൽ റയാൻ (64 ശതമാനം), അൽ ദായീൻ (46 ശതമാനം), അൽ ഷമാൽ (42), അൽ വക്ര (23), ദോഹ (13 ശതമാനം). അതേസമയം ഏറ്റവും കൂടുതൽ പെർമിറ്റുകൾ അനുവദിച്ചത് അൽ റയാൻ നഗരസഭയിലാണ്-179 എണ്ണം. മൊത്തം പെർമിറ്റുകളുടെ 25 ശതമാനം വരുമിത്. 160 പെർമിറ്റുകൾ വിതരണം ചെയ്ത് അൽ വക്ര നഗരസഭയാണ് രണ്ടാം സ്ഥാനത്ത്. ദോഹ നഗരസഭ 141ഉം അൽ ദായീൻ 111 പെർമിറ്റുകളുമാണ് വിതരണം ചെയ്തത്. ജനുവരിയിൽ വിതരണം ചെയ്ത പുതിയ പെർമിറ്റുകളിൽ പാർപ്പിട വിഭാഗത്തിൽ വില്ലകളാണ് മുൻപിൽ-86.46 ശതമാനം. 7.29 ശതമാനം അപ്പാർട്‌മെന്റുകൾക്കും 1.56 ശതമാനം മറ്റുള്ളവയ്ക്കുമാണ്.

പെർമിറ്റുകളിൽ 58 ശതമാനം വാണിജ്യ കെട്ടിടങ്ങൾക്കുള്ളതാണ്. വർക്‌ഷോപ്പുകൾ, ഫാക്ടറികൾ തുടങ്ങിയ വ്യാവസായിക കെട്ടിടങ്ങൾക്കു വേണ്ടിയാണ് 22 ശതമാനവും. സർക്കാർ കെട്ടിടങ്ങൾക്കായി 10 ശതമാനം പെർമിറ്റുകളാണ് അനുവദിച്ചത്. ദേശീയ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ നിർമാണ മേഖലയ്ക്ക് ഗണ്യമായ പങ്കാണുള്ളത്. ഫിഫ ലോകകപ്പിന് മുൻപായി നിരവധി വില്ലകളും അപ്പാർട്മെന്റുകളും പുതുതായി നിർമിക്കുകയോ നവീകരിക്കുകയോ ചെയ്തിരുന്നു.

ലോകകപ്പിന്റെ ആതിഥേയത്വം പ്രഖ്യാപിച്ച 2012 മുതൽ 2021 വരെ കെട്ടിട നിർമാണ മേഖലയിൽ വലിയ വളർച്ചാമുന്നേറ്റം ഉണ്ടായി. ലോകകപ്പിന് ഒരു വർഷം മുൻപായി 2021 ൽ 9,505 പെർമിറ്റുകളാണ് അനുവദിച്ചത്. ഫിഫ ലോകകപ്പോടെ പാർപ്പിട കെട്ടിടങ്ങളുടെ ലഭ്യത കൂടി. കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷം പാർപ്പിട യൂണിറ്റുകളുടെ വാടക നൂറു ശതമാനം വരെയാണ് വർധിച്ചത്. ലോകകപ്പിന് ശേഷം വാടക കുറയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും വില്ലകൾക്കും മറ്റും ഇപ്പോഴും ഉയർന്ന വാടക തന്നെയാണുള്ളത്.

Tags:    

Similar News