ലോകകപ്പ് ; ആഡംബര താമസക്കപ്പൽ യൂറോപ്പയുടെ ഉദ്ഘാടനം 13 ന്

Update: 2022-11-02 09:02 GMT


ദോഹ : ലോക കപ്പിന് ഇനി 18 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആരാധകർക്ക് താമസമൊരുക്കുന്ന എംഎസ്‌സിയുടെ വേൾഡ് യൂറോപ്പ ദോഹ തീരമണിയാൻ ദിവസങ്ങൾ മാത്രം. 13 ന്ദോഹ തുറമുഖത്തുവച്ചായിരിക്കും യൂറോപ്പയുടെ ഉദ്ഘാടനം. ലോക കപ്പ് ആരാധകർക്ക് താമസമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിൽ നിർമാണം പൂർത്തിയാക്കിയ എംഎസ്‌സിയുടെ പുത്തൻ ആഡംബര കപ്പലായ വേൾഡ് യൂറോപ്പ തികച്ചും പ്രകൃതി സൗഹാർദ്ദപരമായാണ് നിർമ്മിച്ചിരിക്കുന്നത്. കാർബൺ പ്രസരണം കുറയ്ക്കാൻ ദ്രവീകൃത പ്രകൃതി വാതകത്തിൽ (എൽഎൻജി) പ്രവർത്തിക്കുന്ന എംഎസ്സിയുടെ ആദ്യ കപ്പലാണിത് . മലിനജലം ശുദ്ധീകരിക്കാൻ അത്യാധുനിക വാട്ടർ റീസൈക്ലിങ് ടെക്നോളജി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളാണുള്ളത്.കപ്പലിന് 6,762 യാത്രക്കാരെയും 2,138 ജീവനക്കാരെയും ഉൾക്കൊള്ളാൻ ശേഷിയുണ്ട്.

333,3 മീറ്റർ നീളവും 47 മീറ്റർ ബീമും 68 മീറ്റർ ഉയരവുമുണ്ട് എംഎസ്‌സി വേൾഡ് യൂറോപ്പയ്ക്ക്. അത്യാധുനിക ഫ്‌ളോട്ടിങ് ഹോട്ടൽ ആയ വേൾഡ് യൂറോപ്പയിൽ 22 നിലകളിൽ 2,626 കാബിനുകളും 20,000 ചതുരശ്രമീറ്റർ പബ്ലിക് സ്‌പേസുമാണുള്ളത്. 11 ഡെക്ക് ഡ്രൈ സ്‌ളൈഡുകൾ, പനോരമ ലോഞ്ച്, ലൂണ പാർക്ക് അറീന, സലൂണുകൾ, ബ്യൂട്ടിക്കുകൾ, റീട്ടെയ്ൽ ശാലകൾ, തിയറ്ററുകൾ, കുട്ടികൾക്കുള്ള ക്ലബ്ബുകൾ, കളിക്കാനുള്ള മുറികൾ, ബൊട്ടാണിക് ഗാർഡനുകളോടു കൂടിയ 6 നീന്തൽ കുളങ്ങൾ, 14 വേൾപൂളുകൾ, ജിംനേഷ്യങ്ങൾ, വെൽനസ്, സ്പാ സെന്ററുകൾ, തെർമൽ ബാത്തുകൾ, ഫിഷ് റസ്റ്ററന്റ്, ബാറുകൾ, കോഫി-ടീ ഹൗസുകൾ തുടങ്ങി വിനോദ, ആഡംബര സൗകര്യങ്ങൾ കപ്പലിലുണ്ട്.

എംഎസ്സി യാട്ട് ക്ലബുകളുടെ സൗകര്യങ്ങളോടു കൂടിയ ആഡംബര സ്യൂട്ടുകൾ മുതൽ പരമ്പരാഗതശൈലിയിലുള്ള കാബിനുകൾ വരെയുണ്ട്. ദമ്പതികൾ, കുടുംബങ്ങൾ, ബാച്ചിലർമാർ തുടങ്ങി ഏതു വിഭാഗം അതിഥികൾക്ക് അഭിരുചിയും പോക്കറ്റും അനുസരിച്ച് ആഡംബര താമസ അനുഭ‌വമാണ് വേൾഡ് യൂറോപ്പ നൽകുന്നത്.ദോഹ തുറമുഖത്തെ ഗ്രാൻഡ് ടെർമിനലിൽ നങ്കൂരമിടുന്ന കപ്പലിലെ താമസക്കാർക്ക് ഇവിടെ നിന്ന് സ്റ്റേഡിയങ്ങളിലേക്കും ഖത്തറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമ സൗജന്യ ഷട്ടിൽ ബസ് സർവീസുണ്ടാകും. ഒരു രാത്രിയ്ക്ക് ഒരു യൂണിറ്റിന് 27,876 ഇന്ത്യൻ രൂപ മുതലാണ് താമസ നിരക്ക്. താമസം ബുക്ക് ചെയ്യാൻ: https://www.qatar2022.qa/book/en/cruise-ship-hotels

Similar News