ദോഹ : ദോഹ മെട്രോയിൽ ഹയാ കാർഡ് ഉടമകൾക്കുള്ള സൗജന്യ യാത്ര നാളെ അവസാനിക്കും. 24 മുതൽ യാത്രാ കാർഡുകൾ ഉപയോഗിച്ചു വേണം യാത്ര ചെയ്യാനെന്ന് ഖത്തർ റെയിൽ അറിയിച്ചു. ലോകകപ്പിനെത്തിയ ഹയാ കാർഡ് ഉടമകൾക്ക് സ്റ്റേഡിയങ്ങളിലേക്കും രാജ്യത്തിന്റെ വിനോദകേന്ദ്രങ്ങളിലേക്കുമെല്ലാം യാത്ര സുഗമമാക്കാനാണ് നവംബർ മുതൽ ദോഹ മെട്രോ, ട്രാം എന്നിവയിൽ സൗജന്യ യാത്ര ഒരുക്കിയത്. പ്രതിദിനം 7 ലക്ഷത്തോളം യാത്രക്കാർക്ക് സുരക്ഷിത യാത്ര ഒരുക്കിയാണ് ദോഹ മെട്രോ ലോകകപ്പ് യാത്ര വിജയകരമാക്കിയത്.
110 ട്രെയിനുകളും 18 ട്രാമുകളുമാണ് ഇടതടവില്ലാതെ 21 മണിക്കൂർ ലോകകപ്പിൽ സർവീസ് നടത്തിയത്. മെട്രോ സ്റ്റേഷനിലുടനീളം യാത്രക്കാർക്ക് വൊളന്റിയർമാരുടെയും മെട്രോ ജീവനക്കാരുടെയും സേവനവും ലഭിച്ചിരുന്നു. ലോകകപ്പ് കാണാൻ രാജ്യത്തെത്തിയ 14 ലക്ഷത്തിലധികം വരുന്ന ആരാധകരുടെ കയ്യടി നേടിയാണ് ദോഹ മെട്രോ ലോകകപ്പ് യാത്ര പൂർത്തിയാക്കിയത്.
ലോകകപ്പ് അവസാനിച്ചതോടെ രാജ്യത്തെ ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങളുടെ പ്രവർത്തന സമയം പുതുക്കി.പുതിയ സമയക്രമം അനുസരിച്ചാണ് ദോഹ മെട്രോ, ട്രാം സർവീസുകൾ പ്രവർത്തിക്കുന്നത്.പുതുക്കിയ സമയ പ്രകാരം ഞായർ മുതൽ ബുധൻ വരെ രാവിലെ 5.30 മുതൽ രാത്രി 11.59 വരെയും വ്യാഴാഴ്ച ദിവസങ്ങളിൽ പുലർച്ചെ ഒന്നു വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ ഒന്നുവരെയും ശനിയാഴ്ചകളിൽ രാവിലെ 6 മുതൽ രാത്രി 11.59 വരെയുമാണ് സർവീസുകൾ. മെട്രോ ലിങ്ക് ബസുകളും ഇതനുസരിച്ച് സർവീസ് നടത്തും.