ദോഹ : ലോകകപ്പ് അലയൊലികൾ ഏറ്റവും അടുത്തെത്തി നിൽകുമ്പോൾ ഖത്തറിന്റെ പ്രധാന ആകർഷണ കേന്ദ്രമായ ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിലും, ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്കിന് അരികെയും ആരാധകത്തിരക്കേറി തുടങ്ങി.
യൂറോപ്യൻ, ആഫ്രിക്കൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകരാണ് ഇതുവരെ എത്തിച്ചേർന്നവരിൽ അധികവും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രതിനിധികളും എത്തിത്തുടങ്ങി. ഫ്ലാഗ് പ്ലാസയിലും കൗണ്ട് ഡൗൺ ക്ലോക്കിന് മുൻപിലുമാണ് ആരാധക കൂട്ടങ്ങളുടെ സൊറ പറച്ചിലും ഒത്തുകൂടലും.ഫുട്‌ബോളിന്റെയും ഇഷ്ടതാരങ്ങളുടെയും ഖത്തറിന്റെയും ചിത്രങ്ങൾ പതിച്ച തൊപ്പികളും ടീ ഷർട്ടുകളും ഇഷ്ട ടീമുകളുടെ ജഴ്‌സിയും ധരിച്ചും ജന്മനാടിന്റെ തനത് വേഷവിധാനങ്ങളിൽ ദേശീയ പതാകയുമേന്തി ഒറ്റയ്ക്കും സംഘമായും നടക്കുന്നവരെയും കാണാം.
ഫ്ലാഗ് പ്ലാസയുടെ വർണക്കാഴ്ചകൾക്ക് നടുവിൽ നിന്ന് ചിത്രങ്ങളും വിഡിയോകളും എടുക്കുന്നവരുമുണ്ട്. ആരാധകർക്കിടയിലെ വ്ലോഗർമാരും ഖത്തർ കാഴ്ചകൾ ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും റീൽ ആക്കാനുള്ള തിരക്കിലാണ്. വേനൽ ചൂടും നടത്തവും വകവയ്ക്കാതെ സകലരും ഫുട്‌ബോൾ ലഹരിയിലാണ്. രാത്രി വൈകിയും ദോഹ കോർണിഷ് സജീവമാണ്.സ്വകാര്യ വാഹനങ്ങൾ, ബൈക്കുകൾ, ഇ-സ്‌കൂട്ടറുകൾ തുടങ്ങി ഗതാഗതം പൂർണമായും നിരോധിച്ചാണ് ദോഹ കോർണിഷിന്റെ പ്രവർത്തനം. 19നാണ് ദോഹ കോർണിഷിലെ കാർണിവൽ വേദികളും അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദികളും ഉണരുക. അതുവരെ സൂഖ് വാഖിഫ്, ഖത്തർ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്, ദോഹ തുറമുഖം, ബോക്‌സ് പാർക്ക്, ഹോട്ടൽ പാർക്ക് തുടങ്ങി ആരാധകർക്ക് കാണാനും അറിയാനും കാഴ്ചകൾ ഏറെയുണ്ട്.
ഈ മാസം 16ന് ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽ ബിദ പാർക്കിൽ വൈകിട്ട് വിനോദ പരിപാടികളുടെ റിഹേഴ്‌സൽ ഇവന്റും ആരാധകർക്കായി നടത്തും. 12 വർഷത്തെ തയാറെടുപ്പുകളുടെയും കാത്തിരിപ്പിന്റെയും അവസാനം, ലോകകപ്പ് ഉത്സവനാളുകളിലേക്ക് ഇനി 8 നാളിന്റെ ദൂരം മാത്രമാണുള്ളത്.