ദോഹ : ലോകപ്പ് ആരാധകർക്കിനി ഒഴിവുവേളകൾ വണ്ടർലാന്റിലും ആഘോഷിക്കാം. വിനോദവും സാഹസികതയും ആഡംബരവും ആഗ്രഹിക്കുന്ന ഖത്തറിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി ലുസൈൽ വിന്റർ വണ്ടർലാൻഡ് തുറന്നു. ഖത്തറിന്റെ വിനോദ കേന്ദ്രമായ അൽ മഹാ ദ്വീപിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ലുസൈൽ വിന്റർ വണ്ടർലാൻഡ്, ഈ ശൈത്യകാലത്ത് ഒഴിവുവേളകൾ ആഘോഷമാക്കാനുള്ള ഏറ്റവും മികച്ച ഇടമായിരിക്കും.
മികച്ച നിലവാരമുള്ള ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾ, ലോകപ്രശസ്ത ബീച്ച് ക്ലബ്ബുകൾ, രാജ്യത്തെ ഏറ്റവും വലിയ സംഗീത വേദി എന്നിവയാണ് ലുസൈൽ വിന്റർ വണ്ടർലാൻഡിന്റെ സവിശേഷതകൾ. 50-ലധികം റൈഡുകളും തത്സമയ വിനോദ പരിപാടികളും ഇവിടെ ആസ്വദിക്കാം.
നവംബർ 10 വ്യാഴാഴ്‌ച മുതൽ പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 5:30 മുതൽ രാത്രി 12 വരെയും വാരാന്ത്യങ്ങളിൽ വൈകീട്ട് മുതൽ 1 മണി വരെയും സന്ദർശകർക്ക് ഇവിടെ വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ടാകും.പ്രവേശനം ടിക്കറ്റ് വഴി മാത്രമായിരിക്കും.ടിക്കറ്റ് നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും. ഔദ്യോഗിക ഇവന്റ് വെബ്‌സൈറ്റ് വഴിയും ബോക്‌സ് ഓഫീസ് വഴിയും ടിക്കറ്റുകൾ വാങ്ങാൻ കഴിയും.നിലവിൽ ടിക്കറ്റ് വാങ്ങാനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം ലഭ്യമായിട്ടില്ല.