ഹയ്യാ കാർഡ് ഉടമകൾക്ക് ഉംറ തീർത്ഥാടനം നടത്താം, മെഡിക്കൽ ഇൻഷുറൻസ് മുൻകൂട്ടി എടുത്തിരിക്കണം

Update: 2022-11-11 11:28 GMT


റിയാദ് : മെഡിക്കൽ ഇൻഷുറൻസ് എടുത്ത ഹയ്യാ കാർഡ് ഉടമകൾക്ക് ഇനി ഉംറ സന്ദർശിക്കാം. ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള ഖത്തറിന്റെ 'ഹയ്യാ കാര്‍ഡ്' ഉള്ളവർക്ക് സൗദി അറേബ്യയിലെത്തി ഉംറ തീർഥാടനവും മദീന സിയാറത്തും നടത്താനുള്ള അനുമതി പ്രാബല്യത്തില്‍ വന്നു. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ സൗജന്യ വിസയാണ് അനുവദിക്കുന്നത്. എന്നാല്‍ ഇവര്‍ സൗദിയിലെത്തുന്നതിനു മുമ്പായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കേണ്ടത് നിര്‍ബന്ധമാണ്. സൗദി അറേബ്യയുടെ വിസാ പ്ലാറ്റ്‌ഫോം വഴി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കും.

ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. കാലാവധിക്കുള്ളില്‍ ഈ വിസയില്‍ എത്ര തവണയും സൗദിയില്‍ വരാനും പുറത്തുപോകാനും സാധിക്കും. ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് വിസ നേടുന്നവര്‍ ആദ്യം ഖത്തറില്‍ പ്രവേശിക്കണമെന്ന് നിബന്ധനയുമില്ല. ഇവര്‍ക്ക് നേരിട്ട് സൗദി അറേബ്യയിലെത്താം. ലോകകപ്പ് മത്സരത്തിനിടെ സൗദി അറേബ്യ സന്ദര്‍ശിക്കാനും കുറഞ്ഞ ചെലവില്‍ സൗദിയില്‍ താമസിക്കാനുമുള്ള അവസരമാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ ഒരുക്കിയിരിക്കുന്നത്.

Similar News