ഒമാനിലെ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴച വരെ തുടരും; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Update: 2024-03-06 04:02 GMT

ഒമാനിൽ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. വിവിധ ഗവർണറേറ്റുകളിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ സമിതിയുടെ അറിയിപ്പ്. ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് അതോറിറ്റി അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ പരിഗണിച്ച് മസ്‌കറ്റ് ഗവർണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയക്രമം ഇന്നലെ മാറ്റിയിരുന്നു. എന്നാല്‍ സ്കൂളുകളുടെ പ്രവൃത്തി സമയവുമായി ബന്ധപ്പെട്ടുള്ള അറിയിപ്പൊന്നും ലഭിച്ചില്ല.

ന്യൂനമർദത്തെ തുടർന്ന് ഇന്നലെ വടക്കൻ അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം ക്ലാസുകൾ നിർത്തിവെച്ചിരുന്നു. അതേസമയം, ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഒമാനിലെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകുമെന്നും അറിയിപ്പുണ്ട്. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് വാദികളില്‍ ഇറങ്ങരുതെന്നും കപ്പല്‍ യാത്രക്കാര്‍ ദൂരക്കാഴ്ചയും കടലിന്‍റെ സാഹചര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കണമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്

Tags:    

Similar News