ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് അർഹത നേടിയവർ 13,586 പേർ. 6,683 പുരുഷന്മാരും 6,903 സ്ത്രീകളും ഉൾപ്പെടെയാണിത്. ഇതിൽ ഏതാണ്ട് 32.3 ശതമാനം പേർ 46 മുതൽ 60 വയസിന് ഇടയിൽ ഉള്ളവരും 42.4 ശതമാനം പേർ 31-45 വയസ്സുവരും ആണ്. 20 ശതമാനം പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്. കഴിഞ്ഞ ദിവസം എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം ഹജ്ജിന് യോഗ്യത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അവസരം ലഭിച്ചവരെ ടെക്സ്റ്റ് സന്ദേശം വഴി വിവരം അറിയിച്ചിട്ടുണ്ട്. അർഹരായവർ 10 ദിവസത്തിനകം http://hajj.om പോർട്ടലിൽ തീർഥാടകർക്കുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി 50 ശതമാനം തുക അടച്ച് ഹജ്ജ് കമ്പനികളുമായി കരാർ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസ് എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മദീനയിലേക്ക് വിമാനമാർഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണ് നിരക്ക്. മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലുമാണ് മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെൻറ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിൻറ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാൽ), ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ) എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.