കനത്ത ചൂടിന് ആശ്വാസം പകർന്ന് ഒമാനിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആദം, റുസ്താഖ്, നിസ്വ, ബറക്കത്തുൽ മൗസ്, ഇബ്രി, ദിമ വത്തയ്യാൻ, സീബ്, ബൗഷർ, ബിദ്ബിദ്, സമൈൽ, ബർക്ക, മുദൈബി തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചതന്നെ രാജ്യത്തെ പല ഭാഗങ്ങളിലും മഴ പെയ്തിരുന്നു. ശനിയാഴ്ച കൂടുതൽ സ്ഥലങ്ങളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദോഫാർ ഗവർണറേറ്റിലെ റഖ്യൂത്തിലാണ്. 59 മില്ലീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
മിർബാത്ത്-28, ബിദിയ -19 , ഇബ്ര-15, ദിമവത്തയാൻ -ഒമ്പത്, അൽ ഖാബിൽ -എട്ട് , സമൈൽ-രണ്ട്, ധാൽഖൂത്ത്-ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴയുടെ തോത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിനു അടുത്താണ് താപനില അനുഭവപ്പെടുന്നത്. ഇതിനിടക്ക് ലഭിച്ച മഴ ഏറെ ആശ്വാസകരമാണെന്ന് ജനങ്ങൾ പറഞ്ഞു. അതേസമയം, മസ്കത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തെളിഞ്ഞ അന്തരീക്ഷമായിരുന്നു.