ഒമാൻ സുൽത്താൻ ഇന്ത്യയിലേക്ക്: സന്ദർശനത്തിന് ഡിസംബർ 13ന് തുടക്കമാകും

Update: 2023-12-11 05:21 GMT

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ സിംഗപ്പുർ, ഇന്ത്യ സന്ദർശനം ഡിസംബർ പതിമൂന്ന് മുതൽ തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുതിയ നാഴിക കല്ലുകൂടിയാകും ഒമാൻ സുൽത്താന്റെ ഇന്ത്യാ സന്ദർശനം. ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ഇരു സന്ദർശനങ്ങളിലും ചർച്ച ചെയ്യും.മൂന്ന് രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിശകലനം ചെയ്യും. ഡിസംബർ 16ന് ആയിരിക്കും സുൽത്താൻ ഇന്ത്യയിൽ എത്തുക.

ഇന്ത്യൻ പ്രസിഡൻറ് ദ്രൗപതി മുർമുവിൻറെ ക്ഷണം സ്വീകരിച്ചെത്തുന്ന സുൽത്താനും പ്രതിനിധി സംഘത്തിനും രാഷ്ട്രപതിഭവനിൽ ഔദ്യോഗിക വരവേൽപ്പും നൽകും. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഒമാൻ സുൽത്താൻ കൂടിക്കാഴ്ചയും നടത്തും. പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾ തേടുന്നതിനും സന്ദർശനം വഴിയൊരുക്കും.

ഇന്ത്യയിലെ മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിൽ കരാറുകളിലും ഒപ്പുവെക്കും.പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ഇന്ത്യയുടെ ഗൾഫ് മേഖലയിലെ പ്രധാന പങ്കാളിയാണ് സുൽത്താനേറ്റ്. ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഒമാൻ അതിഥി രാഷ്ട്രമായിരുന്നു.

Tags:    

Similar News