ഫതഹ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജനറൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഫതഹിന്റെ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജനറലും ഫലസ്തീൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറുമായ ലെഫ്റ്റനൻറ് ജനറൽ ജിബ്രിൽ റജൂബ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി മസ്കത്തിൽ കൂടിക്കാഴ്ച നടത്തി. 1967ലെ അതിർത്തികൾക്കനുസൃതമായി കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതും ഫലസ്തീനിലെ നിലവിലെ സാഹചര്യവും യോഗം ചർച്ച ചെയ്തു.
ഗസ്സ മുനമ്പിനെതിരായ ഇസ്രായേൽ ആക്രമണം തടയുന്നതിനും ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നതിനുമായി അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വെല്ലുവിളികളെ നേരിടുന്ന ഫലസ്തീൻ ജനതയുടെ ധീരതയെ സയ്യിദ് ബദർ പ്രശംസിച്ചു. ഫലസ്തീന് പൂർണ പിന്തുണ നൽകുന്നത് തുടരുമെന്നും ബദർ അടിവരയിട്ട് പറഞ്ഞു. ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്നതിൽ ഒമാൻ നടത്തിയ മഹത്തായ ശ്രമങ്ങൾക്ക് ലഫ്റ്റനന്റ് ജനറൽ ജിബ്രിൽ റജൂബ് അഭിനന്ദനം അറിയിച്ചു.