പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള സർവ്വീസ് നിർത്താനൊരുങ്ങി സലാം എയർ

Update: 2023-09-21 09:00 GMT

ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തുന്നു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് വിമാനകമ്പനി കൈമാറി. വിമാനങ്ങളുടെ ലഭ്യതക്കുറവ് മൂലമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്ന് സലാം എയര്‍ വ്യക്തമാക്കി. അടുത്ത മാസം ഒന്നു മുതല്‍ ഇന്ത്യയിലേക്കുളള സര്‍വീസുകള്‍ നിര്‍ത്തുന്നു എന്നാണ് ഒമാന്‍ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ഒക്ടോബര്‍ ഒന്ന് മുതലുളള ബുക്കിംഗ് സ്വീകരിക്കരുതെന്നാണ് നിര്‍ദേശം.

വെബ്‌സൈറ്റില്‍ നിന്നും അടുത്ത മാസം മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യവും നീക്കിയിട്ടുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും പണം തിരികെ നല്‍കുമെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. ഇതിനായി വിമാനക്കമ്പനിയെയോ ടിക്കറ്റ് എടുത്ത ട്രാവല്‍ ഏജന്‍സികളേയോ സമീപിക്കാവുന്നതാണ്. ഇന്ത്യയിലേക്ക് വിമാനം അയക്കുന്നതിലെ പരിമിതി മൂലമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ എത്രകാലത്തേക്കാണ് സര്‍വ്വീസ് നിര്‍ത്തുന്നത് എന്നത് സംബന്ധിച്ച് സലാം എയര്‍ വ്യക്തമാക്കിയിട്ടില്ല.

തിരുവനന്തപുരം, കോഴിക്കോട്, ലഖ്‌നൗ, ജയ്പൂര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സലാം എയര്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന സലാലയില്‍ നിന്നാണ് കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്തുന്നത്. അടുത്തമാസം ഒന്ന് മുതല്‍ മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കാനുളള തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. നിരവധി പ്രവാസികളാണ് ബജറ്റ് എയര്‍ലൈനായ സലാം എയറിനെ ആശ്രയിച്ച് കഴിഞ്ഞിരുന്നത്. സലാം എയറിന്റെ പിന്‍മാറ്റം ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

Tags:    

Similar News