ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട്ട് റഡാറുമായി ഒമാൻ റോയൽ പൊലീസ്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചു തുടങ്ങി. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് പ്രവർത്തിച്ച് തുടങ്ങിയതായി പൊലീസ് അറിയിച്ചു. എന്നാൽ ഉടൻ തന്നെ പ്രാവർത്തികമാക്കുമെന്ന് അധികൃതർ അറിയിച്ചു.
മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതിലെ പരാജയം, റോഡ് സിഗ്നലിന് മുമ്പ് നടക്കുന്ന അനധികൃത ലെയ്ൻ മാറ്റങ്ങൾ എന്നിവ സ്മാർട്ട് റഡാറുകൾക്ക് കണ്ടെത്താനാകുമെന്ന് അധികൃതർ വ്യക്തമാക്കി. ജിസിസി രാജ്യങ്ങളിൽ സ്മാർട്ട് റഡാറുകൾ ഉപയോഗിക്കുന്നുണ്ട്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതാണ് ഒമാനിലെ അപകടങ്ങളുടെ പ്രധാന കാരണമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കുകളിൽ പറയുന്നു. 2022ൽ ഒമാനിൽ 76,200 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കൂടാതെ ജിസിസി രാജ്യങ്ങളിൽ ഏകീകൃതമായ ട്രാഫിക് പിഴയുണ്ടെന്നും പിഴയുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ റോയൽ ഒമാൻ പൊലീസ് മുഖേന നൽകാമെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് പിഴ ശരിയല്ലെന്നോ ട്രാഫിക് നിയമലംഘനങ്ങൾ നടന്നിട്ടില്ലെന്നോ തോന്നിയാൽ അത്തരക്കാർക്ക് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം മുഖേന പരാതി നൽകാവുന്നതാണ്.