വിവിധ മേഖലകളിൽ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികളെ നിയന്ത്രിക്കാനും തൊഴിൽ മേഖല ക്രമീകരിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ. സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടപ്പാക്കാനായി നിരോധിക്കപ്പെട്ട ജോലികൾ വിദേശികൾ ചെയ്യുന്നത് തടയാൻ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷന്റെ മേൽനോട്ടത്തിൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ചെയ്യും.
നിലവിൽ വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഒരേ സ്ഥാപനത്തിൽ തൊഴിൽ പെർമിറ്റിൽ അനുവദിച്ച ജോലി മാറി മറ്റു ജോലികൾ ചെയ്യുന്നവരും പിടിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർ ഉയർന്ന പിഴയാണ് അടക്കേണ്ടത്.
അനധികൃതമായി ജോലി ചെയ്യുന്നവരെ പിടികൂടാൻ നടത്തിയ പരിശോനകളിൽ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 12,000 അനധികൃത തൊഴിലാളികളെ പിടികൂടിയതായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു.ഇതിൽ 9,700 പേരെ സ്വന്തം നാടുകളിലേക്ക് തിരികെ അയച്ചിരുന്നു.
വിവിധ ഏഷ്യൻ ഭാഷകളിൽ അനധികൃത ജോലിക്കെതിരെ ബോധവത്കരണ ക്യാമ്പയിനും ആരംഭിച്ചു. ഉർദു, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് ബോധവത്കരണം നടക്കുന്നത്. ബോധവത്കരണ പരിപാടി മറ്റു ഭാഷകളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്. തൊഴിൽ നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്താൻ എസ്.എസ്.ഐയുടെ കീഴിൽ അർപ്പണ ബോധമുള്ള പരിശോധന സംഘം രൂപവത്കരിച്ചതായി അധികൃതർ വ്യക്തമാക്കി.
ഈ സംഘം പരിശോധന തുടരുമെന്നും സർക്കാർ നിശ്ചയിച്ച സ്വദേശിവത്കരണം നടപ്പാക്കുമെന്നും അധികൃതർ പറയുന്നു. പരിശോധന നടത്തുന്ന സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള സംഘത്തിന് ജ്യുഡീഷ്യൽ പൊലീസ് അധികാരം നൽകിയിട്ടുണ്ട്. സ്വദേശിവത്കരണ തോതുകൾ വർധിപ്പിക്കുക, ചില തൊഴിലുകൾ വിദേശികൾ ചെയ്യുന്നത് തടയുക എന്നതാണ് ടീമിന്റെ പ്രധാന ചുമതല.