ആദ്യ റോക്കറ്റ് വിക്ഷേപിക്കാനായി ഒമാൻ ഒരുങ്ങുന്നു. തങ്ങളുടെ ആദ്യ റോക്കറ്റ് ഡിസംബറോടെ ദുക്മിലെ ഇത്ലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സിൽനിന്ന് വിക്ഷേപിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ (എം.ടി.സി.ഐടി) ഡയറക്ടർ ജനറലും നാഷനൽ സ്പേസ് പ്രോഗ്രാം മേധാവിയുമായ ഡോ. സൗദ് അൽ ഷോയ്ലി പറഞ്ഞു.
മിഡിൽ ഈസ്റ്റ് സ്പേസ് മോണിറ്ററിന് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഒമാന്റെ ബഹിരാകാശ മേഖലയിലേക്കുള്ള കുതിപ്പിനെ കുറിച്ച് വ്യക്തമാക്കിയത്.
ഭൂമിശാസ്ത്രപരമായി ഭൂമധ്യരേഖയോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് ഒമാൻ. ഇത് കാര്യക്ഷമമായ ഉപഗ്രഹ വിക്ഷേപണത്തിന് ഏറെ അനുകൂലമാണ്. കുറഞ്ഞ ഇന്ധനം മാത്രം ആവശ്യമായി വരുന്നതിനാൽ ആത്യന്തികമായി ചെലവ് കുറക്കുകയും ചെയ്യും. ഇക്കാര്യങ്ങളെല്ലാം ഒമാനെ ഉപഗ്രഹ പ്രവർത്തനങ്ങൾക്ക് ആകർഷകമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ ചെറിയ ശബ്ദ റോക്കറ്റുകൾ ആയിരിക്കും വിക്ഷേപിക്കുക.
ഇത്ലാക്കിന് ബഹിരാകാശ മേഖലയിൽ ശോഭനമായ ഭാവിയാണുള്ളത്. ഒമാനിൽ നിന്ന് വിക്ഷേപിക്കുന്നതിന്റെ സാമ്പത്തിക നേട്ടങ്ങൾ, കുറഞ്ഞ ചെലവ്, രാഷ്ട്രീയ നിഷ്പക്ഷത എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ കമ്പനികൾ തിരിച്ചറിയുന്നതോടെ ഇത്ത്ലാക്ക് സമ്പൂർണ ബഹിരാകാശ പോർട്ടായി മാറുമെന്നും അദ്ദേഹം പററഞ്ഞു.
ഒമാന്റെ സ്വകാര്യ ബഹിരാകാശ സംരംഭങ്ങൾക്ക് കുതിപ്പേകുന്ന നാഷനൽ എയ്റോസ്പേസ് സർവിസസ് കമ്പനി (നാസ്കോം) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 2023ൽ പ്രഖ്യാപിച്ച ഇത്ത്ലാക് സ്പേസ്പോർട്ട്, ഗവേഷണത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമായി റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മെന മേഖലയിൽ ആദ്യത്തേതാണ്. വിവിധ ഗവേഷണ വികസന കേന്ദ്രങ്ങൾക്കൊപ്പം അത്യാധുനിക റോക്കറ്റ് ടെസ്റ്റിങ് സൗകര്യങ്ങളും ഇതിലുണ്ടാകും.