നിയമ മേഖലയിലെ തൊഴിലുകൾ പൂർണമായും സ്വദേശിവത്കരിക്കാനൊരുങ്ങുന്നു. ഈ മേഖലയിലെ തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അടുത്തിടെ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതനുസരിച്ച് വിദേശികളുമായി പങ്കാളിത്തത്തിൽ നടത്തുന്ന നിയമ സ്ഥാപനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ സ്വദേശിവത്കരിക്കണം. വിദേശികൾ മാത്രം നടത്തുന്ന നിയമ സ്ഥാപനങ്ങൾ, ലീഗൽ കൺസൾട്ടൻസി എന്നിവ ഒരു വർഷത്തിനുള്ളിൽ ഈ നിയമം നടപ്പാക്കണം.
ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഒരു വർഷം വരെ തുടരാവുന്നതാണ്. ഈ കാലയളവിൽ ഇത്തരം സ്ഥാപനങ്ങളുടെ ഷയറുകൾ കൈമാറ്റം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിൽ, മജ്ലിസ് ശൂറ, പബ്ലിക് പ്രേസിക്യൂഷൻ, സ്റ്റേറ്റ് ഭരണ മേഖല, കമ്പനികൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ വക്കീലായോ നിയമ ഉപദേഷ്ടാവായോ ജോലി ചെയ്യുന്നവർക്ക് ആ മേഖലയിൽ പൂർണമായി ജോലി ചെയ്യാൻ കഴിയില്ല.
ഈ വിഭാഗക്കാർ പ്രക്ടീസ് ചെയ്യാത്ത വക്കീലന്മാർ, പ്രാക്ടീസ് ചെയ്യാത്ത നിയമ ഉപദേഷ്ടാക്കൾ എന്ന പേരിലാണ് അറിയപ്പെടുക. എന്നാൽ, വിദേശി വക്കീലന്മാർക്ക് കൺസൾട്ടിങ് ഓഫിസുകൾ തുറക്കാൻ അനുവാദമുണ്ട്. ഇത് വിദേശികൾക്ക് സ്വന്തമായോ ഒമാനികളുടെ പങ്കാളിത്തത്തോടെയോ നടത്താൻ കഴിയും.
വക്കീലന്മാരുടെയോ നിയമ ഉപദേഷ്ടാക്കളുടെയോ വിഷയത്തിൽ നിലവിൽ നടപ്പാക്കുന്ന നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവും 300 റിയാൽ മുതൽ 1000 റിയാൽവരെ പിഴയും ശിക്ഷയായി ലഭിക്കും.
മതിയായ ലൈസൻസില്ലാതെ ഇത്തരം ജോലി ചെയ്യുന്നവർക്കും ഒരു മാസം മുതൽ ഒരു വർഷം വരെ തടവും ആയിരം റിയാൽ മുതൽ 5000 റിയാൽവരെ പിഴയും ലഭിക്കും. ചിലപ്പോൾ ഇവയിൽ ഏതെങ്കിലുമൊന്ന് ശിക്ഷയായി ലഭിക്കും. പ്രാക്റ്റീസ് ചെയ്യുന്ന വക്കീലന്മാരുടെ പട്ടികയിൽ പേര് രജിസ്റ്റ്ർ ചെയ്യാത്തവർക്ക് നിയമ രംഗത്തുള്ള ഒരു ജോലിയും ചെയ്യാൻ പാടില്ല.
ബന്ധപ്പെട്ട പാർട്ടികൾക്കു വേണ്ടി ഹാജരാവുക, കോടതിയിൽ ഇത്തരക്കാരെ പ്രതിനിധീകരിക്കുക, പബ്ലിക് പ്രോസിക്യൂഷൻ, ഒമാനിലെ നിയമ ബോഡികൾ, തെളിവുകൾ ശേഖരിക്കുക തുടങ്ങിയ നിയമ ജോലികളിൽ ഉൾപ്പെട്ടതാണ്.
അതോടൊപ്പം ആവശ്യമുള്ളവർക്ക് നിയമ ഉപദേശം നൽകുക, ആവശ്യമുള്ളവർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ രേഖകൾ ശരിയാക്കിക്കൊടുക്കുക എന്നിവയും കമ്പനികൾ സ്ഥാപിക്കാൻ ആവശ്യമായ നടപടി ക്രമങ്ങൾ നടത്തുക എന്നിവയും നിയമ ജോലികളായി പരിഗണിക്കും.