ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി യമൻ വിദേശ-പ്രവാസികാര്യ മന്ത്രി ഷയാ മൊഹ്സിൻ സിന്ദാനിയുമായി കൂടിക്കാഴ്ച നടത്തി. ദോഹയിൽ നടന്ന ജി.സി.സി-യെൻ മന്ത്രിതല യോഗത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ഒമാനും യമനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും എല്ലാ മേഖലകളിലും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സംയുക്ത താൽപര്യവും ഇരുനേതാക്കളും അടിവരയിട്ട് പറഞ്ഞു.
യമന്റെ സുരക്ഷക്കും സുസ്ഥിരതക്കും പിന്തുണ നൽകുന്നതിനും രാജ്യത്തിന്റെ പരമാധികാരം, പ്രാദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ ശക്തിപ്പെടുത്തുന്നതിനും ഇരുപക്ഷവും തമ്മിലുള്ള തുടർച്ചയായ ചർച്ചകളും സഹകരണത്തെ കുറിച്ചും ഇരുപക്ഷവും സംസാരിച്ചു. യെമൻ ജനതയുടെ എല്ലാ ഘടകങ്ങൾക്കും ഇടയിൽ സമാധാനവും ഐക്യവും കൈവരിക്കുന്നതിനുള്ള മാർഗങ്ങൾ പ്രാപ്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും ഇരുമന്ത്രിമാരും പറഞ്ഞു.
ഖത്തറിലെ ഒമാൻ അംബാസഡർ സയ്യിദ് അമ്മാർ അബ്ദുല്ല അൽ ബുസൈദി, വിദേശകാര്യ മന്ത്രാലയത്തിലെ ജി.സി.സി ഡിപ്പാർട്ട്മെന്റ് മേധാവി ശൈഖ് അഹമ്മദ് ഹഷെൽ അൽ മസ്കാരി, ഇരുവശത്തുമുള്ള നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.